അനധികൃത ഖനനം: 26 ലോറിയും നാല് മണ്ണുമാന്തിയന്ത്രവും പിടികൂടി
text_fieldsതിരൂർ: ഓണാവധിയുടെ മറവിൽ അനധികൃതമായി മണൽ, മണ്ണ്, ചെങ്കൽ ഖനനം നടത്തുന്നതിനെതിരെ തിരൂർ റവന്യൂ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 26 ലോറികളും നാല് മണ്ണുമാന്തിയന്ത്രവും പിടികൂടി. ഓണം, മുഹർറം ആഘോഷങ്ങളോടനുബന്ധിച്ച് തുടർച്ചയായി പൊതു അവധിദിനങ്ങൾ വരുന്ന സാഹചര്യത്തിൽ മണൽ, കരിങ്കല്ല്, ചെങ്കല്ല് എന്നിവയുടെ അനധികൃത ഖനനവും വയൽ നികത്തൽ, കുന്നിടിക്കൽ, സർക്കാർ ഭൂമികൈയേറ്റം, അനധികൃത നിർമാണങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് താലൂക്ക് അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരുടെ സ്ക്വാഡ് രൂപവത്കരിച്ചിരുന്നു.
തിരൂർ താലൂക്കിൽ നടത്തിയ സ്പെഷൽ സ്ക്വാഡ് റെയ്ഡിലാണ് കുറ്റിപ്പുറം, കോട്ടക്കൽ, കാടാമ്പുഴ, വളാഞ്ചേരി, കുറുമ്പത്തൂർ, എടയൂർ എന്നിവിടങ്ങളിൽനിന്ന് 26 ലോറികളും പൊന്മുണ്ടം, പൊന്മള വില്ലേജുകളിൽ അനധികൃത ഖനനപ്രവർത്തനത്തിലേർപ്പെട്ട മൂന്ന് മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തത്.
ഇവ തിരൂർ താലൂക്ക് ഓഫിസ് വളപ്പിലേക്ക് മാറ്റി. എടയൂർ, മേൽമുറി, കുറുമ്പത്തൂർ വില്ലേജുകളിൽ അനധികൃത ചെങ്കൽ ഖനനം നടത്താൻ ആരംഭിച്ചിരുന്ന 12 ചെങ്കൽ ക്വാറികൾ കണ്ടെത്തി ഖനനപ്രവർത്തനങ്ങൾ തടഞ്ഞു. അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയ സ്ഥലം ഉടമസ്ഥർക്കെതിരെ നിയമനടപടി ആരംഭിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾക്ക് പിഴചുമത്താൻ ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകി. റെയ്ഡിന് തിരൂർ തഹസിൽദാർ ടി. മുരളി, ഭൂരേഖ തഹസിൽദാർ പി. ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർമാരായ അജിത ചുള്ളിയിൽ, പി.കെ. സുരേഷ്, ഹസീബ് അലി അക്ബർ, കെ.എ. ജലീൽ, ആർ. സജീവ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.