ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം: നിയമ പോരാട്ടത്തിന് കുടുംബം
text_fieldsതിരൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ മകൾ ജാസിറ എന്ന മോൾട്ടിയെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം എത്തിയത്.
ഭർത്താവ് അനന്താവൂർ കൈത്തക്കര ചെനക്കലിലെ കുന്നത്ത് വീട്ടിൽ അഷ്റഫിന്റെയും മാതാപിതാക്കളായ ഇയ്യാത്തുമ്മു, അബു, ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ ഫസീല, ഭർതൃ സഹോദരി ബുഷ്റ എന്നിവർക്കെതിരെ ജാസിറയുടെ പിതാവ് അഷ്റഫ് അലി, ജില്ല പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയതായി കുടുംബം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2016 ഒക്ടോബർ 29നായിരുന്നു ജാസിറ വിവാഹിതയായത്. കഴിഞ്ഞ 17ന് അതിരാവിലെയാണ് മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിച്ചത്. ചെന്നപ്പോൾ കിടപ്പ് മുറിയിൽ കയറിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടതെന്ന് കുടുംബം പറയുന്നു. യുവതിയുടെ മരണശേഷം കുട്ടിയെ കാണാനോ സംസാരിക്കാനോ ഇവരെ അനുവദിക്കാത്തതും മറ്റും യുവതിയുടെ കുടുംബത്തിന് സംശയമുണർത്തുന്നുണ്ട്.
ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം സംബന്ധിച്ച് വീട്ടിലും സഹോദരിമാരായ ജസ്നി, അൻസിയ എന്നിവരോടും പറയാറുണ്ടായിരുന്നുവെന്ന് സഹോദരൻ ജാബിർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജാസിറയുടെ പിതാവ് അഷ്റഫ് അലി, സഹോദരൻ ജാബിർ, പിതൃസഹോദരങ്ങളായ ഖാലിദ്, അലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.