കുഴികൾ പാതി മൂടിയ സംഭവം; മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി
text_fieldsതിരൂർ: തിരൂർ-ചമ്രവട്ടം പ്രധാന പാതയിൽ താഴെപ്പാലം മുതൽ പൊറ്റത്തപ്പടി വരെയുള്ള റോഡിൽ വൈദ്യുതി കേബിളിടാൻ കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ പാതിമാത്രം മൂടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതരിൽ നിന്ന് വിശദീകരണം തേടി.
കെ.എസ്.ഇ.ബി തിരൂർ ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂൺ 18ന് തിരൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ‘അപകട ഭീഷണിയായി തിരൂർ-ചമ്രവട്ടം പാതയിലെ കുഴികൾ’ എന്ന തലക്കെട്ടോടെ ‘മാധ്യമം’ ദിവസങ്ങൾക്ക് മുമ്പ് വാർത്തയാക്കിയിരുന്നു. മറ്റു മാധ്യമങ്ങളും കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ പാതിമാത്രം മൂടിയ സംഭവം വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
പാതി മൂടിയ കുഴിയിൽ ഇരുചക്ര വാഹന യാത്രികർ തെന്നിവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കേബിൾ ചുറ്റിയ റോൾ ഫ്രയിം നടപ്പാതകളിൽ ഉപേക്ഷിച്ചത് യാത്രക്കാരെ വലച്ചിരുന്നു. ഈ സംഭവവും ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.