വേണ്ടത്ര ജീവനക്കാരില്ല; തിരൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവർത്തനം താളംതെറ്റുന്നു
text_fieldsതിരൂർ: വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ തിരൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ആറ് ക്ലറിക്കൽ തസ്തികകളുള്ള ഈ ഓഫിസിൽ രണ്ട് തസ്തികകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. അതുകൊണ്ട് ഉപജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്കൂളുകളിലെ കുട്ടികളുടെ സ്കോളർഷിപ്, യൂനിഫോം, അധ്യാപകരുടെ സർവിസ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച പ്രവർത്തനങ്ങളാണ് ബന്ധപ്പെട്ട സെക്ഷനുകളിലെ ജീവനക്കാരുടെ കുറവുമൂലം തടസ്സപ്പെടുന്നത്.
കുട്ടികളുടെ ഉച്ചഭക്ഷണം, അധ്യാപകരുടെ നിയമനാംഗീകാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഇതുമൂലം കാലതാമസം നേരിടുന്നുണ്ട്.
ഇവിടേക്ക് സ്ഥലംമാറ്റം ലഭിച്ച ജീവക്കാരൻ വരാതിരിക്കുകയും, നിലവിലുണ്ടായിരുന്ന മറ്റൊരു തസ്തികയിലെ ജീവനക്കാരൻ സ്ഥലം മാറിപ്പോയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു കാരണം.
മറ്റൊരു തസ്തികയിലെ ഉദ്യാഗസ്ഥ മാസങ്ങളായി ദീർഘകാല അവധിയിലുമാണ്. മാസങ്ങളായി ഒഴിഞ്ഞുകിടന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസർ തസ്തിക നിരന്തര സമ്മർദത്തെ തുടർന്ന് ഈയിടെയാണ് നികത്തിയത്. ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഉടൻ നികത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) തിരൂർ ഉപജില്ല കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം സിബി തോമസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എൻ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഷാജി, സംസ്ഥാന കൗൺസിലർ പി. അബ്ദുൽ ഷുക്കൂർ, കെ. പ്രദീപ്കുമാർ, ജോസ് മാത്യു, ഷബീർ നെല്ലിയാലി, കെ.പി. നസീബ്, പി. സജയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.