എം.എൽ.എയുടെ ഇടപെടൽ; യു.ഡി.ഐ.ഡി കാർഡ് വിതരണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വീണ ജോർജ്
text_fieldsതിരൂർ: സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകാൻ യു.ഡി.ഐ.ഡി കാർഡ് വിതരണത്തിൽ ഉണ്ടായിട്ടുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കുമെന്നും അർഹരായ അപേക്ഷകർക്കെല്ലാം ഐ.ഡി കാർഡ് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
ഭിന്നശേഷിക്കാർ പ്രസ്തുത ഐ.ഡി കാർഡിന് സമർപ്പിച്ച അപേക്ഷകൾ ഓരോ ജില്ലയിലും ആയിരക്കണക്കിന് തീർപ്പാക്കാനുണ്ടെന്നും ജില്ലയിൽ മാത്രം 2018 മുതൽ സമർപ്പിച്ചിട്ടുള്ള പതിനായിരത്തിലധികം അപേക്ഷകളുണ്ടെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ മന്ത്രിയെ ബോധ്യപ്പെടുത്തിയ അടിസ്ഥാനത്തിലാണ് ഇടപെടൽ. ഇതിനായി സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിക്കും.
ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡുകളുടെ സിറ്റിങ് വർധിപ്പിച്ച് അപേക്ഷകൾ തീർപ്പാക്കും. സർക്കാറിന്റെയും സമൂഹത്തിന്റെയും പരിഗണന വളരെയധികം ആവശ്യമുള്ള ഭിന്നശേഷി വിഭാഗക്കാർക്ക് യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കാൻ കാലതാമസം നേരിടുന്നതിനാൽ അവർക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയും വൈകുകയും ചെയ്യുന്നു.
വ്യക്തികൾക്ക് അപേക്ഷ സമർപ്പിച്ച് കാലതാമസം വരുത്താതെ ഐ.ഡി കാർഡുകൾ ലഭ്യമാക്കണമെന്ന എം.എൽ.എയുടെ ആവശ്യം പരിഗണിച്ച് എത്രയും പെട്ടെന്ന് തന്നെ കാർഡ് വിതരണം പൂർത്തിയാക്കുമെന്നും ആരോഗ്യ മന്ത്രി എം.എൽ.എക്ക് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.