ലഹരി വലയത്തിൽ തിരൂരും പരിസരങ്ങളും
text_fieldsതിരൂർ: തിരൂരും തീരദേശം ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും ലഹരി വലയത്തിൽ. ഈ വർഷം തുടങ്ങി ഒന്നരമാസം പിന്നിടുമ്പോഴേക്കും തിരൂർ പൊലീസും എക്സൈസും പുറത്തുവിട്ട കണക്കുകൾ പ്രകാരം 11 പ്രതികളാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ഏറെയും തിരൂരും പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരും യുവാക്കളുമാണ്. കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക നിരോധിത ലഹരി വസ്തുക്കളാണ് പ്രതികളിൽനിന്ന് പിടികൂടിയത്.
കോവിഡ് ഭീഷണിക്കു ശേഷം കോളജുകളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ വല വിരിക്കുന്നത് സജീവമാക്കിയത്. അന്തർ സംസ്ഥാനങ്ങളിൽനിന്നാണ് ട്രെയിൻ മാർഗവും മറ്റുമായി ലഹരി തിരൂരിലേക്ക് എത്തിക്കുന്നത്. ഇവിടെ നിന്ന് ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കും.
തിരൂരിന് പുറമെ ജില്ലയിൽ മാത്രം നിരവധി നിരോധിത ലഹരി സംഘങ്ങളാണ് പിടിയിലായിട്ടുള്ളത്. ലഹരി കടത്തിന് പുറമെ അറസ്റ്റിലായവരിൽ ചില പ്രതികൾ അക്രമ കേസുകളിലും ഉൾപ്പെട്ടവരാണ്. ലഹരി ഉപയോഗത്തെ തുടർന്ന് അക്രമ സംഭവങ്ങളിലേക്കും പ്രതികളിൽ ചിലർ ഭാഗമാവുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ലഹരി സംഘങ്ങൾക്കെതിരെ തിരൂർ പൊലീസും എക്സൈസും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും യുവാക്കൾക്കിടയിൽ വ്യത്യസ്ഥ പരിപാടികളിലൂടെ കൂടുതൽ ആഴത്തിൽ പൊതുജന പങ്കാളിത്തത്തോടെ സജീവമാവേണ്ടതുണ്ട്. രക്ഷിതാക്കളുൾപ്പെടെയുള്ളവരുടെ പിന്തുണ ഇതിന് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.