പ്രണബ് മുഖർജിയുടെ വിയോഗം; അപൂർവ അവസരം ഓർത്തെടുത്ത് ജബ്ബാർ അഹമ്മദ്
text_fieldsതിരൂർ: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗവാർത്ത കേട്ടപ്പോൾ തനിക്ക് ലഭിച്ച ഭാഗ്യത്തെ വേദനയോടെ ഓർക്കുകയാണ് ചേളാരി എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളജ് അധ്യാപകൻ അബ്ദുൽ ജബ്ബാർ അഹമ്മദ്.
നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിെൻറ മുൻ സംസ്ഥാന പ്രോഗ്രാം കോഓഡിനേറ്ററായിരുന്ന ജബ്ബാർ അഹമ്മദ് 2012, 2014, 2015 വർഷങ്ങളിലായി മൂന്ന് തവണ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് രാഷ്ട്രപതി ഭവനിൽ വെച്ച് മികച്ച എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
ഒരേ രാഷ്ട്രപതിയിൽനിന്ന് മൂന്ന് തവണ അവാർഡ് ലഭിച്ച ഏക വ്യക്തിയാണ് തിരൂർ കൂട്ടായിയിലെ പരേതരായ സി.എൻ. അഹമ്മദ് കോയ-മറിയക്കുട്ടി ദമ്പതികളുടെ ഏക മകനായ ഇദ്ദേഹം.
ആദ്യ തവണ അവാർഡ് ഏറ്റുവാങ്ങുമ്പോൾ കേരളത്തോടുള്ള പ്രണാബ് ദായുടെ മമത മറച്ചുവെക്കാതെ അദ്ദേഹം പുഞ്ചിരിയോടെ ഹസ്തദാനം നൽകി 'ആപ് കേരൾ സെ' എന്ന് ചോദിച്ച് അഭിനന്ദിക്കുകയും ഒപ്പം ഭാരതത്തിന് മാതൃകയാവണമെന്ന ഉപദേശവും നൽകിയതായി ജബ്ബാർ അഹമ്മദ് സ്മരിച്ചു.
അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് അവസാനം ഗ്രൂപ് ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ ചായ കുടിച്ചിട്ടേ പിരിഞ്ഞ് പോകാവൂ എന്നും പ്രണബ് മുഖർജി പറഞ്ഞു.
അദ്ദേഹത്തിെൻറ ലാളിത്യവും നിർമലമായ പുഞ്ചിരിയും ആഴമേറിയ രാഷ്ട്രതന്ത്രജ്ഞതയും സമാനതയില്ലാത്തതാണ്. 2012 മുതൽ 2016 വരെ എല്ലാ വർഷവും നവംബർ മാസം അദ്ദേഹത്തെ നേരിട്ട് കാണാനുള്ള അവസരം ജബ്ബാർ അഹമ്മദിന് ലഭിച്ചിരുന്നു. സംസ്ഥാന സർക്കാർ ജബ്ബാർ അഹമ്മദിനെ 2019ൽ ഗുഡ് സർവിസ് എൻട്രി നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.