കെ.എ. റഹീം: വിടവാങ്ങിയത് 'പാരഗണി'െൻറ നായകൻ
text_fieldsതിരൂർ: കഴിഞ്ഞ ദിവസം അന്തരിച്ച നടന്ന വിസ്മയം കെ.എ.റഹീം എന്ന കെ. അബ്ദുഹ്മാൻ ബാക്കിവെച്ചത് അക്ഷരനാടിനും ഒപ്പം മലബാറിനും ആദ്യ കലാസമിതിയായ പാരഗൺ ആർട്സ് സൊസൈറ്റിക്കും ഒരിക്കലും മരിക്കാത്ത സ്മരണകൾ.
കേരളത്തിെൻറ നാടക ചരിത്രത്തിൽ തന്നെ ശിലാലിഘിതം പോലെ ഒരിക്കലും മായാത്ത നടനത്തിെൻറ ജ്വലിക്കുന്ന ഓർമകളുടെ തട്ടകത്തിന് തിരശ്ശീല വീഴില്ലൊരിക്കലും. തോപ്പിൽ ഭാസി, കെ.ടി. മുഹമ്മദ്, എസ്.എൽ. പുരം സദാനന്ദൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമെല്ലാം മാറ്റുരച്ച പ്രകടന മികവിെൻറ സാക്ഷ്യം പറയുന്നു, മുൻകാല നാടക പ്രവർത്തകരും പ്രേമികളും.
1968ൽ പാരഗൺ ആർട്സിെൻറ ധനശേഖരണാർഥം തിരൂർ പീപ്ൾസ് തിയറ്റർ 'മൂഷിക സ്ത്രീ' അരങ്ങിലെത്തിച്ചപ്പോൾ അസാമാന്യ പ്രതിഭകളുടെ മാറ്റുരക്കലായി. ഇന്നും പ്രൗഢമായി നിലകൊള്ളുന്ന പാരഗൺ ആർട്സ് സൊസൈറ്റിയുടെ അന്നത്തെ മുഖം തന്നെ കെ.എ. റഹീം ആയിരുന്നു.
പിൽക്കാലത്ത് തെന്നിന്ത്യയുടെ സൂപ്പർ താരമായി മാറിയ നടൻ തിരൂർ വിജയനിലെ പ്രതിഭയെ കണ്ടെത്തിയത് കെ.എ. റഹീം എന്ന നാടകകൃത്തും സംവിധായകനുമായ നാടകാചാര്യൻ തന്നെ.
1970ൽ 'മലബാർ കേന്ദ്ര കലാസമിതി'യുടെ ആഭിമുഖ്യത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടത്തിയ അമച്വർ നാടകമത്സരത്തിൽ ഒമ്പത് സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ 'ആഗ്നേയാസ്ത്രം' നാടകത്തിെൻറ സംവിധാനം കെ.എ. റഹീം നിർവഹിച്ചപ്പോൾ രചനയും ഗാനങ്ങളും കഥാപാത്രവുമായി തിരൂർ വിജയനും പ്രതിഭയുടെ കരസ്പർശമേകി ഒപ്പം ചേർന്നു.
എം.എസ്. ബാബുരാജ്, പൊട്ടച്ചോല അബ്ദുറഹ്മാൻ, മണ്ണിശ്ശേരി ഹമീദ്, ഷാ മാസ്റ്റർ, വിൻസൻറ് മാസ്റ്റർ, യൂനുസ് മാസ്റ്റർ, പി.എസ്.പി. ഉമ്മർ തുടങ്ങി മൺമറഞ്ഞ പ്രതിഭകളെല്ലാം തന്നെ പാരഗണിെൻറ സജീവ സ്ഥാനീയരായപ്പോൾ മുൻനിരയിൽനിന്ന് സൊസൈറ്റിയെ നയിച്ചത് കെ.എ. റഹീം എന്ന നെടുംതൂണായിരുന്നു. കമ്യൂണിസ്റ്റ് ആചാര്യനും നാടകകൃത്തും ചിന്തകനുമായ കെ. ദാമോദരനുമായി കെ.എ. റഹീമിനുണ്ടായിരുന്ന അടുത്ത സൗഹൃദം പാരഗണിനെ മുന്നോട്ടു നയിക്കാനുള്ള ഊർജമായി.
അമ്പതോളം നാടകങ്ങൾ ഒരുക്കിയ പാരഗണിെൻറ 'ചിലന്തി', 'ചതുരംഗം', 'മൃഗതൃഷ്ണ', എസ്.എൽ.പുരത്തിെൻറ രചനയിൽ 'കുറച്ചറിയുക, ഏറെ വിശ്വസിക്കുക' തുടങ്ങി 25ഓളം നാടകങ്ങളുടെ സ്രഷ്ടാവ് കെ.എ. റഹീമായിരുന്നു. സപ്തതി ആഘോഷ നിറവിലേക്ക് മാസങ്ങൾ മാത്രമുള്ളപ്പോഴാണ് തങ്ങളുടെ എല്ലാമായ റഹീമിെൻറ വിയോഗമെന്ന് പാരഗൺ സൊസൈറ്റി പ്രസിഡൻറ് കെ. നിസാർ അഹമ്മദ് പറഞ്ഞു. അനുസ്മരണ യോഗത്തിൽ വേണുഗോപാൽ കൊൽക്കത്ത, കെ. ബാലകൃഷ്ണൻ, എം.കെ. ഷംസുദ്ദീൻ, എം. അബ്ദുൽ റസാഖ്, പി.പി. സുന്ദരൻ, പി. ബാബുരാജ്, ഒ. മുസ്തഫ, ടി.വി. ഷംസു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.