വൈദ്യുതി വിച്ഛേദിക്കൽ ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി
text_fieldsതിരൂരങ്ങാടി: കെട്ടിടത്തിൽനിന്ന് വൈദ്യുതി ഒഴിവാക്കാൻ വെന്നിയൂർ കെ.എസ്.ഇ.ബി അധികൃതർ അമിത ചാർജ് ഈടാക്കുന്നു. ഇതുമൂലം പ്രതിസന്ധിയിലാകുന്നത് ദേശീയപാത വികസനത്തിന് കെട്ടിടം വിട്ടുനൽകിയ ഉടമകളാണ്.
കെട്ടിടം ഒഴിഞ്ഞ് വൈദ്യുതി വിച്ഛേദിച്ച രേഖ ദേശീയപാത അതോറിറ്റിക്ക് കൈമാറിയാൽ മാത്രമേ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. വിച്ഛേദിക്കാൻ അപേക്ഷ നൽകിയവരിൽനിന്ന് വെന്നിയൂർ കെ.എസ്.ഇ.ബി അധികൃതർ മീറ്റർ ഒന്നിന് 817 രൂപയാണ് ഈടാക്കുന്നത്.
മിസലേനിയസ് വിഭാഗത്തിൽ 100, അപേക്ഷിക്കുന്നതിന് 10, വർക്ക് െഡപ്പോസിറ്റ് 547, കൂടാതെ ജി.എസ്.ടിയും സെസും കൂട്ടിയാണ് 817 രൂപ. അധികമായി വർക്ക് ഡെപ്പോസിറ്റ് എന്ന പേരിൽ 547 രൂപ ഈടാക്കുന്നതായും പരാതിയുണ്ട്. സമീപ സെക്ഷനുകളായ എടരിക്കോട്, തിരൂരങ്ങാടി, പരപ്പനങ്ങാടി, വള്ളിക്കുന്ന്, തലപ്പാറ സെക്ഷനുകളിൽ 131 രൂപയാണ് ഈടാക്കുന്നത്.
ഏകീകരിച്ച െറഗുലേറ്ററി കമീഷൻ നിരക്കിൽ പരാമർശിച്ചതാണ് ഈടാക്കുന്നതെന്നും കെ.എസ്.ഇ.ബി ഹെഡ് ഓഫിസിലേക്ക് തുകയിലെ അനിശ്ചിതത്വം നീക്കിത്തരാൻ അപേക്ഷ അയച്ചിട്ടുണ്ടെന്നും അതിൽ വ്യക്തത ലഭിച്ചാൽ കൂടുതൽ വാങ്ങിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും വെന്നിയൂർ സെക്ഷൻ എ.ഇ സനൂജ് പറഞ്ഞു. വെള്ളിയാഴ്ച ഏത് തുക ഈടാക്കണമെന്ന വ്യക്തത വരുമെന്നും അമിത തുക ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകുമെന്നും തിരൂരങ്ങാടി എക്സിക്യൂട്ടിവ് എൻജിനീയർ വേലായുധനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.