തിരൂരിൽ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്
text_fieldsതിരൂർ: തിരൂരിൽ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് മുൻ എ.ഡി.എസും കുടുംബശ്രീ ഓഫിസ് സി.ഒയുമായിരുന്ന വ്യക്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ബാങ്കിൽനിന്ന് കഴിഞ്ഞ മാർച്ചിൽ ജപ്തി നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് ഇരയായവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരൂർ നഗരസഭയിൽ കഴിഞ്ഞ ഇടത് ഭരണകാലത്താണ് 2014, 2017 വർഷങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം കുടുംബശ്രീ വായ്പയായും ലോൺ തുക തിരിച്ചടക്കാതെയും തട്ടിപ്പ് നടത്തിയത്.
ലോൺ തുകയും പലിശയുമായി 73 ലക്ഷം രൂപയാണ് തട്ടിപ്പിനിരയായവർ അടയ്ക്കാനുള്ളത്. കനറാ ബാങ്ക് തിരൂർ ശാഖയിൽ നിന്നാണ് തട്ടിപ്പിനിരയായവർക്ക് ജപ്തി നോട്ടീസ് ലഭിച്ചത്.
കുടുംബശ്രീ അംഗങ്ങളെ കൊണ്ട് 12 ഗ്രൂപ്പുകളുണ്ടാക്കി ഓരോ ഗ്രൂപ്പിലുമുള്ളവർ മറ്റ് ഗ്രൂപ്പിലുള്ളവരെ അറിയിക്കാതെയാണ് കനറാ ബാങ്കിൽനിന്ന് ലോണെടുപ്പിച്ച് പണം തിരിമറി ചെയ്തതെന്നാണ് പരാതി. കുടുംബത്തിലെ കല്യാണവും വീടിന്റെ ശോച്യാവസ്ഥയും പറഞ്ഞ് വായ്പയെടുക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു തട്ടിപ്പ്. പലരും തുക അറിയാതെ തന്നെ തങ്ങളുടെ ഓരോരുത്തരുടെയും ചെക്കുകളിലും ഡോക്യുമെന്റുകളിലും ഒപ്പിട്ട് നൽകി. ഇതിലൂടെ 25000, 50,000 രൂപ വായ്പയെടുക്കുന്നിടത്ത് ലക്ഷങ്ങൾ എടുത്തായിരുന്നു തട്ടിപ്പ്. തങ്ങളെടുത്ത ചെറിയ വായ്പ തുകകൾ തിരിച്ചടക്കാതെയും മുൻ എ.ഡി.എസ് കബളിപ്പിച്ചെന്ന് പരാതിക്കാർ പറഞ്ഞു. രണ്ട് പേർക്ക് മുൻ എ.ഡി.എസ് തന്റെ ചെക്ക് സെക്യൂരിറ്റിയായി നൽകിയിട്ടുണ്ട്. ഇത് മാത്രമാണ് തങ്ങളുടെ പക്കലുള്ള തെളിവ്. നഗരസഭയിൽ ഉൾപ്പെടുന്ന കുടുംബശ്രീയുടെ 12 ഗ്രൂപ്പുകളിലെ 48 സ്ത്രീകളാണ് തട്ടിപ്പിനിരയായത്. 10, 11, 14, 15 വാർഡുകളിലെ അംഗങ്ങളാണിവർ.
വാർഡ് 11ലെ മുൻ എ.ഡി.എസ് ആണ് ആരോപണം നേരിടുന്ന വ്യക്തി. ജപ്തി നോട്ടീസ് കിട്ടിയപ്പോൾ കുടുംബശ്രീ ജില്ല മിഷൻ, ജില്ല കലക്ടർ, തിരൂർ ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ആദ്യം പരാതി നൽകിയപ്പോൾ ജില്ല മിഷൻ ഗൗനിച്ചില്ലെന്നും രണ്ടാം തവണ നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ തയാറായതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
അതേസമയം, വായ്പയെടുത്ത തുക വിവാഹവാഗ്ദാനം നൽകി തെക്കനന്നാര സ്വദേശി കൈപ്പറ്റിയതായി മുൻ എ.ഡി.എസ് പറഞ്ഞിരുന്നു. ഇവർ നൽകിയ പരാതിയിൽ തിരൂർ പൊലീസ് തെക്കനന്നാര സ്വദേശിക്കെതിരെ കേസെടുത്തിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കുടുംബശ്രീ അംഗങ്ങളായ ഷൈനി ഇലനാട്ടിൽ, മോളി പിളാവത്ത്, എം. സുനിത, ഖദീജ വലിയപറമ്പിൽ, റഹീന കാക്കടവത്ത്, വി.പി. മൈമൂന തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.