സമദാനിക്ക് റെക്കോഡ് ഭൂരിപക്ഷം സമ്മാനിച്ച് തിരൂർ നിയമസഭ മണ്ഡലം
text_fieldsതിരൂര്‍: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസമദ് സമദാനിയുടെ ചരിത്ര വിജയത്തിൽ നിർണായകമായി തിരൂർ നിയമസഭ മണ്ഡലവും.
ചരിത്രത്തിലാദ്യമായി പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നപ്പോൾ തിരൂർ നിയമസഭ മണ്ഡലവും സമ്മാനിച്ചത് റെക്കോഡ് ഭൂരിപക്ഷമാണ്.
അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് മുസ്ലിം ലീഗിന്റെ ഗ്ലാമർ മുഖങ്ങളിലൊന്നായ സമദാനിക്ക് ഇത്തവണ തിരൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് ലഭിച്ചത്.
തിരൂർ മുനിസിപ്പാലിറ്റി 9687, തിരുനാവായ ഗ്രാമ പഞ്ചായത്ത് 9292, കൽപ്പകഞ്ചേരി 8087, ആതവനാട് 7589, വളവന്നൂർ 6360, വെട്ടം 5216, തലക്കാട് 4099. ആകെ 50,330 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് തിരൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് സമദാനിക്ക് ലഭിച്ചത്. 2019ൽ മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളിലൊരാളായ ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിച്ച റെക്കോർഡ് ഭൂരിപക്ഷമാണ് തിരൂർ നിയമസഭ മണ്ഡലത്തിൽ സമദാനി ഇത്തവണ പഴങ്കഥയാക്കിയത്. തിരൂർ മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഇത്തവണ മികച്ച ഭൂരിപക്ഷമാണ് സമദാനിക്ക് സമ്മാനിച്ചത്.
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ സി.പി.എമ്മിന്റെ പാർട്ടി ചിഹ്നത്തിൽ മുൻ മുസ്ലിം ലീഗ് നേതാവായ കെ.എസ്. ഹംസയെ ഇറക്കിയുള്ള പരീക്ഷണം ഇടതുപക്ഷത്തിന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കൂടിയാണ്.
ഇ.കെ സമസ്ത വിഷയം അനുകൂലമായില്ലെന്ന് മാത്രമല്ല ഇടതുപക്ഷ വോട്ടുകൾ പോലും വേണ്ടത്ര കെ.എസ്. ഹംസക്ക് ലഭിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കൂടാതെ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ പാർട്ടികളുടെ സമദാനിക്ക് അനുകൂലമായുള്ള വോട്ട് ഏകീകരണവും തിരൂർ നിയമസഭ മണ്ഡലത്തിൽ ലീഗിന് നേട്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.