ബജറ്റ്: തിരൂരിന് ആശ്വസിക്കാൻ എം.ടി സ്മാരകവും മലയാള സർവകലാശാലക്ക് പദ്ധതികളും
text_fieldsതിരൂർ: സംസ്ഥാന ബജറ്റിൽ തിരൂരിന് ആശ്വസിക്കാൻ എം.ടി സ്മാരകവും മലയാള സർവകലാശാലക്ക് പദ്ധതികളും. രണ്ട് ശ്രദ്ധേയമായ പ്രഖ്യാപനം ഉൾപ്പെടെ തിരൂർ മണ്ഡലത്തിൽ 21.85 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും മരണം വരെ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ടി വാസുദേവൻ നായരുടെ സ്മരണക്കായി തിരൂർ തുഞ്ചൻ പറമ്പിൽ എം.ടി സ്മാരക പഠനകേന്ദ്രം നിർമിക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചത് ബജറ്റ് പ്രഖ്യാപനത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതികളിലൊന്നായി. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്കാരത്തിനും പ്രാധാന്യം നല്കുന്നതും എം.ടിയുടെ ജീവിതവും കൃതികളും വരും തലമുറക്ക് പരിചയപ്പെടുത്തുന്നതായിരിക്കും പഠനകേന്ദ്രം. തിരൂരുകാരനായ മന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലിലാണ് ബജറ്റില് എം.ടി സ്മാരകത്തിന് തുക അനുവദിച്ചത്.
തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നാലുവർഷ ബിരുദ പഠന കേന്ദ്രത്തിനും വനിത ഹോസ്റ്റലിനുമായി 11.35 കോടി രൂപ ബജറ്റിൽ വകയിരുത്തി. കൂടാതെ, വളവന്നൂർ ഗ്രാമപഞ്ചായത്തിലെ കുറുക്കോൾ-ഓട്ടുകാരപ്പുറം റോഡ് (2.5 കോടി), വരമ്പനാല -മുക്കിലെ പീടിക റോഡ് (ഒരു കോടി), തിരുനാവായ ഷാപ്പിൻ പടി - വലിയ പറപ്പൂർ റോഡ് (ഒരു കോടി), ആതവനാട് വരിക്കോടൻ പടി -കൽപ്പുറത്ത് പടി റോഡ് (ഒരു കോടി) എന്നീ റോഡുകളുടെ പ്രവൃത്തികൾക്കായി 5.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തിരൂർ മണ്ഡലത്തിലെ വികസനത്തിനുവേണ്ടി കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർദേശിച്ചിട്ടുള്ള മറ്റു പദ്ധതികളായ തിരൂർ സിവിൽ സ്റ്റേഷൻ പുതിയ കെട്ടിട നിർമാണം, തിരൂർ ജില്ല ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് ഉപകരണങ്ങൾ വാങ്ങൽ, വെട്ടം ചീർപ്പ് കോതപറമ്പ് കൂട്ടായി പാലം നിർമാണം, വാഗൺ ട്രാജഡി മെമ്മോറിയൽ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും നിർമാണം, ചമ്രവട്ടം-കടലുണ്ടി റോഡിന്റെ തിരൂർ ഭാഗത്തുള്ള റോഡിന് സമാന്തരമായി പൂക്കയിൽ മുതൽ പൂക്കൈത വരെ ബൈപാസ്, ആതവനാട് കാവുങ്ങൽ പാലം നിർമാണം, വെട്ടം-മംഗലം പട്ടയിൽ കടവ് പുതിയ പാലം നിർമാണം, കോലുപാലം പുതിയ പാലം നിർമാണം, തിരൂർ സിറ്റി ജങ്ഷൻ അണ്ടർ ബ്രിഡ്ജ് നിർമാണം, തിരൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഗാരേജും തിരുനാവായ-എടക്കുളം ചീർപ്പ് കുണ്ട്കനാലിന് സമാന്തരമായി ടൂറിസം സാധ്യതകൾ ഉൾക്കൊള്ളുന്ന രീതിയിൽ നടപ്പാത നിർമാണം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വിവിധങ്ങളായ അടിസ്ഥാന സൗകര്യ വികസനം, തുഞ്ചൻ കോളജിൽ വനിത ഹോസ്റ്റൽ നിർമാണം, കട്ടച്ചിറ പുതിയ പാലം നിർമാണം, വെട്ടം പറവണ്ണയിൽ മിനി ഹാർബർ, മണ്ഡലങ്ങളിലെ വിവിധ ഹയർ സെക്കൻഡറി , പ്രൈമറി സ്കൂളുകളിൽ കെട്ടിട നിർമ്മാണം, നടുവിലങ്ങാടി-പൂങ്ങോട്ടുകുളം ഫ്ലൈഓവർ ബ്രിഡ്ജ് നിർമാണം എന്നിവക്ക് തുക വകയിരുത്തിയിട്ടില്ലെങ്കിലും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.