'നോ സേവ് നവംബർ' കാമ്പയിൻ ഇന്ന് തിരൂരിൽ
text_fieldsതിരൂർ: കേരള ബിയേർഡ് സൊസൈറ്റിയുടെ (കെ.ബി.എസ്) ഇത്തവണത്തെ കാമ്പയിൻ തിരൂർ നഗരസഭ ടൗൺഹാളിൽ ഞായറാഴ്ച നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്ത പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമാണ് താടിക്കാരുടെ സംഘടനയായ കെ.ബി.എസ്. സംഘടനയുടെ പ്രവർത്തനങ്ങൾ അഞ്ചുവർഷം പിന്നിട്ടു. എല്ലാ വർഷവും നവംബർ മാസത്തിൽ നോ സേവ് നവംബർ കാമ്പയിനിലൂടെയാണ് കെ.ബി.എസ് ശ്രദ്ധേയപ്രവർത്തനം നടത്തിവരാറുള്ളത്. കാമ്പയിന്റെ ഭാഗമായുള്ള കാര്യപരിപാടി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കേരള ബിയേർഡ് സൊസൈറ്റി സ്ഥാപകൻ അനസ് അബ്ദുല്ല അധ്യക്ഷത വഹിക്കും.
താടി പരിപാലനത്തിനുചെലവഴിക്കുന്ന തുക അർബുദ ബാധിതരുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെലവഴിച്ചാണ് കാമ്പയിൻ വ്യത്യസ്തമാവുന്നത്.
കെ.ബി.എസ് മെഡിക്കൽ ഉപകരണ സമർപ്പണം, തിരൂർ താലൂക്ക് ഹോസ്പിറ്റലിലേക്കുള്ള സഹായ സമർപ്പണം, അർബുദ രോഗികൾക്കുള്ള സഹായ വിതരണം, നിത്യരോഗികൾക്കുള്ള മരുന്ന് വിതരണം, രോഗികൾക്കുള്ള ഡയാലിസിസ് സഹായം, വിവിധ മേഖലകളിൽ പ്രശംസനീയ പ്രവർത്തനം കാഴ്ചവെച്ചവരെ ആദരിക്കൽ, കലാവിരുന്ന് തുടങ്ങിയ പരിപാടികൾ നടക്കും. വാർത്തസമ്മേളനത്തിൽ കെ.ബി.എസ് സംസ്ഥാന ട്രഷറർ മുസ്തഫ എടത്തനാട്ടുകര, ജില്ല സെക്രട്ടറി ഇംതിയാസ്, ജില്ല ട്രഷറർ വിനീത് കരുവാരകുണ്ട്, ജോയൻറ് സെക്രട്ടറി സഫ്വാൻ പാപ്പാലി, വൈസ് പ്രസിഡന്റ് ഷഫീക് കോട്ടക്കൽ, എക്സിക്യൂട്ടിവ് മെംബർമാരായ ഷഹീർ താനൂർ, ഇസ്മായിൽ താനൂർ, ജിതേഷ് പരപ്പനങ്ങാടി, വിഷ്ണു താനൂർ, ഉനൈസ് താനൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.