മരം മുറിക്കുന്നതിനെതിരെ ഒറ്റയാൾ പ്രതിഷേധം; സമരക്കാരനെതിരെ നാട്ടുകാർ
text_fieldsതിരൂർ: സിറ്റി ജങ്ഷനിൽനിന്ന് തിരൂർ ജില്ല ആശുപത്രി റോഡിലേക്ക് കയറുന്ന ഭാഗത്തുണ്ടായിരുന്ന നൂറിലധികം വർഷം പഴക്കമുള്ള കൂറ്റൻ ചീനിമരം പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റുന്നതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരം മുറിച്ചുമാറ്റുന്നതിനെതിരെ ഒറ്റയാൾ സമരവുമായി കോട്ട് ആലിൻചുവട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടി രംഗത്തെത്തിയതാണ് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്.
മരം വെട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അലവിക്കുട്ടി കുത്തിയിരിപ്പ് സമരം നടത്തിയതോടെ നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും സമരത്തിനെതിരെ രംഗത്ത് വന്നതോടെയുണ്ടായ വാക്തർക്കം സംഘർഷത്തിലേക്ക് നീങ്ങി. കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ തിരൂർ പൊലീസെത്തി. ഇതോടെ സമരക്കാരൻ സ്ഥലം വിട്ടു. മരംമുറി പുനരാരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രേണ്ടാടെ നൂറ്റാണ്ട് പഴക്കമുള്ള മുത്തശ്ശിമരം മുറിച്ചുമാറ്റി.നേരേത്ത ചീനിമരത്തിന്റെ ദ്രവിച്ച വലിയ കൊമ്പുകളടക്കം പലപ്പോഴായി മുറിഞ്ഞ് വീണ് സമീപത്തെ കടകൾക്കും കാൽനടക്കാർക്കും ഉൾപ്പെടെ നിസ്സാര പരിക്കേറ്റിരുന്നു.
കാലപ്പഴക്കത്താൽ അകം ദ്രവിച്ചതിനാൽ വൻ അപകടമുണ്ടാകാമെന്നതിനാലുമാണ് മരം മുറിക്കാൻ നാട്ടുകാരും വ്യാപാരികളും പിന്തുണച്ചത്. മുറിച്ച് നീക്കിയ മരച്ചുവട്ടിൽ കടകളോട് ചേർന്ന് സ്ഥിരമായിരുന്നവർ കഴിഞ്ഞ ദിവസം മരത്തിന് ചുറ്റും ഒത്തുകൂടി മരത്തിന് വിട നൽകുന്ന ചടങ്ങൊരുക്കിയിരുന്നു.
മരത്തിന്റെ കൊമ്പുകൾ അടക്കം എല്ലാം വെട്ടിമാറ്റി തായ് ഭാഗം മാത്രമാണ് ബാക്കിയായി ഉണ്ടായിരുന്നത്. ഈ ഭാഗം വെട്ടാൻ തിങ്കളാഴ്ച രാവിലെ പണിക്കാരെത്തിയതോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.