ജൈവ പച്ചക്കറി വാങ്ങാൻ ആളില്ല; ആര് കാണും വനിത കർഷകരുടെ കണ്ണീർ?
text_fieldsതിരൂർ: പച്ചക്കറി കൃഷിയിൽ കൈ കരുത്ത് തെളിയിച്ച വാളമരുതൂരിലെ സ്ത്രീകളുടെ കൃഷിക്കൂട്ടായ്മയുടെ വെണ്ടയും വെള്ളരിയും നാട്ടുകാർക്കും കൃഷി വകുപ്പിനും ആവശ്യമില്ലാത്തിനാൽ നാശത്തിന്റെ വക്കിൽ. ഇതോടെ കർഷകരും പ്രയാസത്തിലായി. മംഗലം പഞ്ചായത്തിലെ വാളമരുതൂരിലെ മൂന്ന് ഏക്കറോളം സ്ഥലത്താണ് അമ്പാടി കൃഷിക്കൂട്ടമെന്ന പേരിൽ സീമ, രജനി, പുഷ്പ, സരിത, അനിത, ഉഷ, അനില, കാർത്തിക എന്നിവർ ചേർന്ന് കൃഷി ചെയ്തത്. ജൈവരീതിയിൽ പാടത്തിറക്കിയ പച്ചക്കറി കൃഷിക്ക് നല്ല വിളവും ലഭിച്ചു. എന്നാൽ വാങ്ങാനാളില്ലാതായതോടെ ഇവർ പ്രയാസത്തിലായിരിക്കുകയാണ്. വിളവെടുത്ത വെള്ളരിയും വെണ്ടയുമെല്ലാം ചീഞ്ഞു പോകുന്നതിനു മുമ്പ് വിൽപ്പന നടത്തിയില്ലെങ്കിൽ ഇവരുടെ അധ്വാനവും പാഴാകും.
രണ്ടര മാസം മുമ്പാണ് കർഷകൻ മംഗലം പടുന്നപ്പാട്ട് മനോജിന്റെ സഹായത്തോടെ ഇവർ കൃഷി തുടങ്ങിയത്. വിഷുവിന് മുമ്പ് തന്നെ വിളവെടുത്തു തുടങ്ങി. വെള്ളരിയും വെണ്ടയുമെല്ലാം ആ സമയത്ത് നന്നായി വിറ്റുപോയിരുന്നു. അതിനു ശേഷം ലഭിച്ച വിളവിനാണ് വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുള്ളത്. 1000 കിലോയോളം വെള്ളരിയാണ് പാടത്ത് ബാക്കിയായി കിടക്കുന്നത്. വാങ്ങാൻ ആളില്ലാത്തതിനാൽ ചെടികളിൽ കിലോ കണക്കിനു വെണ്ട മൂത്തു തുടങ്ങി. കൃഷി വകുപ്പോ സർക്കാർ സംവിധാനങ്ങളോ ഇവരിൽനിന്ന് പച്ചക്കറി ശേഖരിക്കുന്നില്ല. ഇതുവരെ 15 കിലോ ഗ്രാം വെള്ളരി മാത്രമാണ് കൃഷി വകുപ്പ് സ്വീകരിച്ചത്.
കടകളിൽ പച്ചക്കറിക്ക് നല്ല വിലയുണ്ടെങ്കിലും കടക്കാരും ഇവരിൽനിന്ന് വാങ്ങാൻ തയാറാകുന്നില്ല. വ്യാപാരികൾക്ക് സംസ്ഥാനത്തിന് പുറത്തു നിന്നെത്തിക്കുന്ന പച്ചക്കറികളോടാണ് താൽപര്യം. അധികൃതർ ഇടപെട്ടില്ലെങ്കിൽ വെള്ളരിയും വെണ്ടയുമെല്ലാം പാടത്തും പറമ്പിലും കിടന്ന് ചീഞ്ഞുപോകുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.