ഹൈദരലി തങ്ങളുടെ ദർസ് പഠനകാല ഓർമയിൽ കോന്നല്ലൂർ
text_fieldsതിരൂർ: 50 വർഷം മുമ്പ് തിരുനാവായ പഞ്ചായത്തിലെ കോന്നല്ലൂർ ജുമാ മസ്ജിദ് ദർസിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ ദർസ് പഠനം. ഈയിടെ നിര്യാതനായ പ്രമുഖ പണ്ഡിതൻ കാട്ടിപ്പരുത്തി കുഞ്ഞാലൻ മുസ്ലിയാരുടെ ശിഷ്യനായിരുന്നു അവിടെ അദ്ദേഹം. എട്ടു വർഷം ഇവിടെ പഠിച്ചു.
മുൻ മുദർരിസ് മുഹമ്മദ് മുസ്ലിയാർ മരിച്ചപ്പോൾ ഹൈദരലി തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളാണ് കുഞ്ഞാലൻ മുസ്ലിയാരെ കോന്നല്ലൂർ ജുമാ മസ്ജിദിൽ കൊണ്ടുവന്നത്. പിതാവ് പൂക്കോയ തങ്ങളാണ് ഹൈദരലി തങ്ങളെയും കോന്നല്ലൂരിലെ ദർസിൽ ചേർത്തത്. അന്ന് ആറുമാസം കൂടെ പഠിച്ച പാറലകത്ത് ബാവ ഹാജി ഇപ്പോൾ കോന്നല്ലൂർ മഹല്ല് മുതവല്ലിയാണ്. കായൽ മഠത്തിൽ പാറലാത്ത് ചേക്കുട്ടി, കുമ്മാളിൽ പള്ളിയാലിൽ അലവി എന്നിവരുടെ വീടുകളിലും ബാവ ഹാജിയുടെ വീട്ടിലുമായിരുന്നു ഹൈദരലി തങ്ങൾക്ക് ഭക്ഷണം. എല്ലാവരുമായും നല്ല സ്നേഹബന്ധമായിരുന്നു തങ്ങളുടേതെന്നും ഇടക്കൊക്കെ തന്നെ വിളിക്കാറുണ്ടായിരുന്നെന്നും നാലു മാസം മുമ്പ് താൻ പോയി കണ്ടിരുന്നെന്നും ബാവ ഹാജി ഓർക്കുന്നു.
കോന്നല്ലൂർ ദർസിൽ തങ്ങളുടെ ജൂനിയറും സന്തത സഹചാരിയും തങ്ങളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റും മുൻ ആതവനാട് പഞ്ചായത്ത് പ്രസിഡന്‍റുമായ സി. മുഹമ്മദലി. തങ്ങളുടെ ദൂരയാത്രകളിലധികവും മുഹമ്മദലിയാണ് കൂടെ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.