ബി.പി അങ്ങാടി സ്കൂളിന്റെ ശോച്യാവസ്ഥ: വിദ്യാർഥിനികൾ പരാതിയുമായി മന്ത്രിക്കു മുന്നിൽ
text_fieldsതിരൂർ/തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ പരാധീനതകൾ മൂലം വീർപ്പുമുട്ടുന്ന ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ (ജി.ജി.എച്ച്.എസ്.എസ്) പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരംചെയ്തിരുന്ന വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള മന്ത്രിയുടെ വസതിയിലെത്തിയാണ് മന്ത്രിയെ കണ്ട് വിദ്യാർഥിനികൾ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിനികളായ അനാമിക, നിയ, ഷമീമ, റമീസ, ഫിദ എന്നിവരാണ് സ്കൂളിന്റെ ശോച്യാവസ്ഥ നേരിട്ട് വിവരിച്ച് മന്ത്രിക്ക് നിവേദനം നൽകിയത്.
കഴിഞ്ഞ ദിവസം തലക്കാട് പഞ്ചായത്ത് ഓഫിസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാതെ വന്നതിനാലാണ് വിദ്യാഭ്യാസമന്ത്രിയെ നേരിട്ടുകണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിനികൾ തീരുമാനിച്ചത്. മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തണമെന്ന കുട്ടികളുടെ ആവശ്യം ന്യായമാണ്. സ്കൂളിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി വിദ്യാർഥിനികൾക്ക് ഉറപ്പുനൽകി. സ്കൂളിന് പുതിയ കെട്ടിടം പണിയാൻ 3.9 കോടി രൂപ കിഫ്ബി ഫണ്ടിലൂടെയും ഒരു കോടി രൂപ പ്ലാൻ ഫണ്ട് വഴിയും അനുവദിച്ചതാണ്.
ഒരു മാസത്തിനുള്ളിൽ കെട്ടിടനിർമാണം തുടങ്ങുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വിദ്യാർഥിനികൾ പറഞ്ഞു. അതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടനെ വിളിച്ചു ചേർക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, സ്കൂളിൽ താൽക്കാലികമായി നടപ്പാക്കേണ്ട കാര്യങ്ങൾ മലപ്പുറം ജില്ല കലക്ടറെയും വിദ്യാഭ്യാസ ഉപഡയറക്ടറെയും കോളജ് പ്രിൻസിപ്പലിനെയും തദ്ദേശഭരണ സ്ഥാപന മേധാവികളെയും മന്ത്രി കുട്ടികളുടെ സാന്നിധ്യത്തിൽതന്നെ ഫോൺ മുഖേന വിളിച്ച് നിർദേശം നൽകി. സ്കൂളിന് സമീപത്തുള്ള ഡയറ്റിന്റെ ഉപയോഗിക്കാത്ത കെട്ടിടം ക്ലാസ് മുറികൾ ഒരുക്കാൻ അനുമതി നൽകിയതായും മന്ത്രിയെ കണ്ടശേഷം വിദ്യാർഥിനികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.