സർക്കാർ ഹൈസ്കൂൾ അധ്യാപകരുടെ പ്രബേഷൻ വൈകുന്നതായി ആക്ഷേപം
text_fieldsതിരൂർ: മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച ഹൈസ്കൂൾ അധ്യാപകരുടെ പ്രബേഷൻ അനന്തമായി നീളുന്നതായി ആക്ഷേപം. ജോലിയിൽ പ്രവേശിച്ച് മൂന്നും നാലും വർഷം പിന്നിട്ടവരുടെ പ്രബേഷൻ നടപടികളാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വൈകുന്നത്.
ജോലിയിൽ പ്രവേശിച്ച് രണ്ടു വർഷം പൂർത്തിയാക്കുകയും സർവിസ് റെഗുലറൈസേഷൻ പൂർത്തീകരിക്കുകയും കൂൾ ടെസ്റ്റ് വിജയിക്കുകയും ചെയ്ത അധ്യാപകർക്ക് അധികം താമസിയാതെതന്നെ പ്രബേഷൻ ഡിക്ലയർ ചെയ്ത് ഉത്തരവ് നൽകേണ്ടതുണ്ട്. അതിനായി അപേക്ഷയോടൊപ്പം അധ്യാപകരുടെ സേവന പുസ്തകം ഉൾപ്പടെയുള്ള രേഖകൾ ജില്ല വിദ്യാഭ്യാസ കാര്യാലയത്തിൽ സമർപ്പിക്കലായിരുന്നു പതിവു രീതി.
എന്നാൽ, ഈ വർഷം മുതൽ പ്രബേഷനുവേണ്ടി പ്രസ്തുത രേഖകൾ ഡി.ഡി.ഇ ഓഫിസിലേക്ക് അയക്കേണ്ടതില്ലെന്നും ചില കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് പ്രബേഷൻ ഡിക്ലയർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നുമായിരുന്നു മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് ജില്ലയിലെ സർക്കാർ സ്കൂളുകളിലേക്ക് നിർദേശമയച്ചത്. അതിനുശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടികളും ആരംഭിച്ചിട്ടില്ലെന്നാണ് ഹൈസ്കൂൾ അധ്യാപകർ പറയുന്നത്.
എന്നാൽ എൽ.പി, യു.പി വിഭാഗം അധ്യാപകരുടെ പ്രബേഷൻ കാര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇതര ജില്ലകളിൽ ഇത്തരം നടപടിക്രമങ്ങൾക്ക് വേഗതയുണ്ടെന്നും മലപ്പുറം ജില്ലയിൽ മെല്ലെപ്പോക്ക് തുടർക്കഥയാണെന്നും അധ്യാപകർ കുറ്റപ്പെടുത്തുന്നു.
ഇൻക്രിമെന്റ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും പ്രബേഷൻ ഡിക്ലറേഷൻ പൂർത്തീകരിക്കണമെന്നിരിക്കെ വർഷങ്ങളായി ഡി.എ ഗഡുക്കൾ പോലും ലഭിക്കാത്തത് ഇരട്ട പ്രഹരമാവുകയാണ്. ഈ മാസത്തോടെ ഹൈസ്കൂൾ അധ്യാപകരുടെ പ്രബേഷൻ നടപടികൾ പൂർത്തിയാക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേശ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.