വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങള്‍; നേരിട്ടെത്തി മന്ത്രി, എണ്ണിപ്പറഞ്ഞ് ഉദ്യോഗസ്ഥർ
text_fieldsതിരൂർ: വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ട് കേള്‍ക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജില്ലതലങ്ങളിൽ നടത്തുന്ന സന്ദർശന പരിപാടിക്ക് തുടക്കം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാലയങ്ങളും പഠിതാക്കളുമുള്ള ജില്ലയിൽ തിരൂരിലെ റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ആദ്യത്തെ അവലോകന യോഗം. എ.ഇ.ഒ തലം മുതലുള്ള ഉദ്യോഗസ്ഥർ സംബന്ധിച്ചു. സംസ്ഥാനത്ത് ആദ്യമായി നടന്ന അവലോകന യോഗത്തില്‍ ഉയര്‍ന്നത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മുതല്‍ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ വരെയായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു യോഗത്തില്‍ പങ്കെടുത്തു. ജില്ലതല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. ഡി.ഇ.ഒമാർ, എ.ഇ.ഒമാർ, ബി.പി.സിമാർ എന്നിവരും നിർദേശം മുന്നോട്ടുവെച്ചു. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുതല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉയര്‍ത്തി. വാടക നല്കാത്തതിനാല് കുടിയിറക്ക് ഭീഷണി നേരിടുന്നതായി നിലമ്പൂരിലേയും വേങ്ങരയിലേയും എ.ഇ.ഒമാര്‍ മന്ത്രിയെ ധരിപ്പിച്ചു.
നിലമ്പൂരിലെ ഓഫിസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനും വേങ്ങരയിലെ വാടക കുടിശ്ശിക നല്‍കാനും നടപടിയെടുക്കാമെന്ന് ഡി.ജി.ഇ മറുപടി നല്കി. നിലമ്പൂരിലെ ആദിവാസി മേഖലയിലെ കുട്ടികള്‍ക്കിടയില്‍ കൊഴിഞ്ഞുപോക്കുള്ളതായി നിലമ്പൂര്‍ ബി.പി.ഒ അറിയിച്ചു. വിനോദയാത്രകള്‍ സംബന്ധിച്ച സര്‍ക്കുലറുകള്‍ ലംഘിക്കപ്പെടുന്നതും സ്കൂളുകളിലെ അച്ചടക്കമില്ലായ്മയും ഉൾപ്പെടെയുള്ളവയും ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയുണ്ടാവരുതെന്നും കര്‍ശന നടപടികളുണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ഡി.ഡി ഓഫിസിന്റെ ശോച്യാവസ്ഥ, സ്കൂളുകളിലെ കെട്ടിട നിര്‍മാണ പ്രശ്നങ്ങള്‍ എന്നിവയും ചര്‍ച്ചയായി. മലപ്പുറം ഡി.ഡി കെ.പി. രമേശ്കുമാര്‍, ഹയര്‍ സെക്കന്‍ഡറി ആര്.ഡി.ഡി സി. മനോജ്കുമാര്‍, വി.എച്ച്.എസ്.ഇ എ.ഡി എം. ഉബൈദുല്ല, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.വി. ഗോപകുമാര്‍, എസ്.എസ്.കെ ജില്ല കോഓഡിനേറ്റര്‍ ടി. രത്നാകരന്, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ റഷീദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ എം. മണി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
മലപ്പുറത്തെ മുന്നേറ്റത്തിന് മന്ത്രിയുടെ എ പ്ലസ്; ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കും
മലപ്പുറത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിനും വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫിസുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിലും ജില്ലക്ക് എ പ്ലസ് നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 4 ഡി.ഇ.ഒ ഓഫിസുകളിലെയും 16 എ.ഇ.ഒ ഓഫിസുകളിലെയും ജില്ല വിദ്യാഭ്യാസ ഓഫിസുകളിലെയും ഫയലുകൾ 85 ശതമാനത്തിന് മുകളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കോടതി, ഭിന്നശേഷി കേസുകളുൾപ്പെടെയുള്ള ഫയലുകളാണ് പൂർത്തീകരിക്കാനുള്ളതിലധികവും. അല്ലാത്ത ഫയലുകൾ 31ന് മുമ്പ് പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു. ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കും. കിഫ്ബി മുഖേനെ നിർമിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ നിർമാണം ആരംഭിച്ചവ വേഗം പൂർത്തിയാക്കുമെന്നും നിർമാണം തുടങ്ങാത്ത സ്ഥലങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ അടിപിടി കേസുകൾക്ക് അറുതി വരുത്താൻ അച്ചടക്ക കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കും.
അതത് വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ഇംഗ്ലീഷ് ബിരുദധാരികളില്ലാത്ത 600ഓളം സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പത്തര ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വന്നിട്ടും അധ്യാപക ക്ഷാമത്തെ ചൂണ്ടിക്കാണിച്ചപ്പോൾ സാമ്പത്തിക പ്രശ്നമുണ്ടായിട്ടും ഒരു വർഷത്തിനുള്ളിൽ ആറായിരം നിയമനങ്ങൾ നടത്തിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.