സ്കൂളിൽ അടിസ്ഥാന സൗകര്യം അകലെ; ഒടുവിൽ പ്രതിഷേധാഗ്നി
text_fieldsതിരൂർ: ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രതിഷേധം. സ്കൂളിന്റെ ശോച്യാവസ്ഥക്കെതിരെയായിരുന്നു പ്രതിഷേധ സമരം. 100 വർഷം പഴക്കമുള്ള സ്കൂൾ ശോച്യാവസ്ഥയിൽ വീർപ്പുമുട്ടുകയാണ്. ഇതിന്റെ പ്രതിഷേധ സ്വരം വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും മാസങ്ങൾക്കു മുമ്പുതന്നെ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിക്കുന്ന പ്ലസ് ടു വിദ്യാർഥിയുടെ ഭക്ഷണ പാത്രത്തിലേക്ക് തേരട്ട വീണത്. ഇതോടെ അധ്യാപകർക്ക് മുന്നിൽ പ്രതിഷേധം അറിയിച്ച വിദ്യാർഥികൾ പിന്നീട് വൻ പ്രതിഷേധത്തിന് തുനിഞ്ഞിറങ്ങുകയായിരുന്നു. പുഴുക്കൾ ഇടക്കിടെ വിദ്യാർഥികളുടെ ദേഹത്തേക്ക് വീഴുന്നത് മാത്രമല്ല, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ശുചിമുറിയുടെയും ക്ലാസ് മുറികളുടെയും ശോച്യാവസ്ഥയും പ്രതിഷേധത്തിന് ആക്കം കൂട്ടി. 40 കുട്ടികൾ ഇരിക്കാൻ കഴിയുന്ന ക്ലാസ് റൂമിൽ 65 വിദ്യാർഥികളാണ് പഠിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ബാച്ചുകളിലായി 14 ക്ലാസുകളാണുള്ളത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ശുചിമുറിക്ക് വാതിൽ ഇല്ലാത്തതും വൃത്തിയില്ലായ്മയും വിദ്യാർഥികൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിവരിച്ചു. സ്റ്റാഫ് റൂമിന്റെ ശോച്യാവസ്ഥയും ഫിറ്റ്നസ് ഇല്ലാത്തതും അധ്യാപകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടി. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായുള്ള ലാബും ലൈബ്രറിയും ഒരു മുറിലാണ് പ്രവർത്തിക്കുന്നത്. വിദ്യാലയത്തിൽ പുഴുക്കളും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണെന്നും ഇവയെ തുരത്താനായി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും വിദ്യാർഥികൾക്കൊപ്പം അധ്യാപകരും സമ്മതിക്കുന്നുണ്ട്. ഈ അസൗകര്യത്തിനിടയിലാണ് പുതുതായി ഹയർ സെക്കൻഡറിയിൽ രണ്ട് ബാച്ച് കൂടി അനുവദിച്ചിരിക്കുന്നത്.
സ്കൂൾ നവീകരണത്തിനുൾപ്പെടെ ഫണ്ട് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തിയതായി വിദ്യാഭ്യാസ മന്ത്രി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവരോട് സംസാരിച്ചതിനുശേഷം സ്കൂൾ സന്ദർശനത്തിനിടെ കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. എന്നാൽ, സ്കൂളിന്റെ ശോച്യാവസ്ഥ ജില്ല പഞ്ചായത്ത് അംഗം ശ്രദ്ധയിൽ പെടുത്തിയിരുന്നില്ലെന്നും സ്കൂളിനായി ഒരു പദ്ധതിയും ജില്ല പഞ്ചായത്ത് അംഗം സമർപ്പിച്ചിട്ടില്ലെന്നും വിഷയത്തിൽ ഇടപെടൽ നടത്തുമെന്നും ജില്ല പഞ്ചായത്ത് എം.കെ. റഫീഖ മാധ്യമത്തോട് പ്രതികരിച്ചു. ശുചിമുറിയുടെ വിഷയം പരിഹരിക്കുന്നതിനായി ശുചിത്വ മിഷൻ പദ്ധതിയിലൂടെ തലക്കാട് പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്വകാര്യ വ്യക്തി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും റഫീഖ അറിയിച്ചു. സ്കൂളിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഡയറ്റിന്റെ വളപ്പിലെ മരം സ്കൂൾ കോമ്പൗണ്ടിലേക്കാണ് ചാഞ്ഞ് നിൽക്കുന്നത്. അതിൽനിന്നാണ് പ്ലസ് ടു ക്ലാസ് മുറികളിലേക്ക് പുഴുക്കൾ വരുന്നത്. ഡയറ്റ്, സ്കൂൾ അധികൃതരും മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല. പ്രദേശവാസി കത്തുതന്ന പ്രകാരം ഫോറസ്റ്റ് വിഭാഗത്തിന് അറിയിപ്പ് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ മരങ്ങൾ മുറിക്കാൻ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മരങ്ങൾ വെട്ടിമാറ്റി നൽകാൻ ഡയറ്റ് അധികൃതർക്ക് കത്ത് നൽകി. എന്നാൽ, ഫണ്ടില്ലെന്ന കാരണത്താൽ മരങ്ങൾ വെട്ടി മാറ്റാൻ ഡയറ്റ് അധികൃതർ തയാറായിട്ടില്ലെന്നും എം.കെ. റഫീഖ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.