കെ റെയിൽ പദ്ധതി കേരളത്തെ തകർക്കും –വി.ടി. ബൽറാം
text_fieldsതിരൂർ: കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായി തകർക്കുമെന്ന് വി.ടി. ബൽറാം. കെ റെയിൽ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നടത്തിയ തിരൂർ മിനി സിവിൽ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കടക്കെണിയിലേക്കാണ് ഈ പദ്ധതി കേരളത്തെ കൊണ്ടുപോകുന്നത്. കേരളത്തിലെ എല്ലാ ക്ഷേമപദ്ധതികളും ഇതോടെ ഇല്ലാതാകും. പാരിസ്ഥിതിക ദുരന്തങ്ങളുടെ നാടായി കേരളം മാറുമെന്ന് ബൽറാം അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജനകീയ സമിതി ജില്ല ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട്ട് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ (മുസ്ലിം ലീഗ്), മോഹനൻ (ബി.ജെ.പി), ഗണേഷ് വടേരി (വെൽെഫയർ പാർട്ടി), നൂറുൽഹക്ക് (എസ്.ഡി.പി.ഐ), ടി.കെ. സുധീർ കുമാർ (ദേശീയപാത ആക്ഷൻ കമ്മിറ്റി സംസ്ഥാന ജനറൽ കൺവീനർ), കെ.എം. ബീവി (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), പി.കെ. പ്രഭാഷ് (ജില്ല ജനറൽ കൺവീനർ, കെ റെയിൽ വിരുദ്ധ ജനകീയ സമിതി), മൻസൂർ അലി (കൺവീനർ, കെ റെയിൽ വിരുദ്ധ ജനകീയ സമിതി) എന്നിവർ സംസാരിച്ചു. താഴെപ്പാലം ബൈപാസിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിന് അബ്ദുൽ കരീം, സക്കറിയ പല്ലാർ, മുഹമ്മദലി മുളക്കൽ, കുഞ്ഞാവ ഹാജി, ഹുസൈൻ കവിത, ബാബു മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
മുഖ്യമന്ത്രി യാഥാർഥ്യം വളച്ചൊടിക്കുന്നെന്ന് സമര സമിതി
തിരുനാവായ: കെ റെയിൽ സിൽവർ ലൈൻ സംബന്ധിച്ച് മുഖ്യമന്ത്രി യാഥാർഥ്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് തിരുനാവായ ഗ്രാമപഞ്ചായത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ശാസ്ത്രീയമായും യുക്തിപരമായും പദ്ധതിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച പരിസ്ഥിതി-സാമൂഹിക സംഘടനകളെയും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പദ്ധതി ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെയും അപഹസിക്കുന്ന തരത്തിലാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ അഭിപ്രായമെന്ന് സമിതി കുറ്റപ്പെടുത്തി.
പദ്ധതി മൂലം സൃഷ്ടിക്കപ്പെടുന്ന സാമൂഹിക ആഘാതം എന്താണെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ മെച്ചപ്പെട്ട നഷ്ടപരിഹാരം കൊടുക്കുമെന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നഷ്ടപരിഹാര വ്യാമോഹത്തിൽ ജനങ്ങളെ തളച്ചിട്ട് പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
പണം കിട്ടിയാൽ എന്ത് ജനദ്രോഹ കാര്യത്തിനും കൂട്ടുനിൽക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. അക്രമത്തെയും അനീതിയെയും നേരിടുന്ന സമര പാരമ്പര്യമുള്ള കേരളജനത, പരിസ്ഥിതിയെയും സാമൂഹിക സമ്പദ്ഘടനയെയും തകർക്കുന്നതും ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുന്നതുമായ കെ റെയിൽ ദുരന്ത പദ്ധതിക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും വർക്കിങ് ചെയർമാൻ എം.പി. മുഹമ്മദ് കോയയും ജനറൽ കൺവീനർ മുളക്കൽ മുഹമ്മദ് അലിയും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.