വീടെന്ന സ്വപ്നം യാഥാർഥ്യമാകും മുമ്പേ തസ്ലിം യാത്രയായി
text_fieldsതിരൂർ: ചമ്രവട്ടം പാതയിൽ ആലിങ്ങലിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ കൈമലശ്ശേരി സ്വദേശി തസ്ലിം (40) യാത്രയായത് വീടെന്ന സ്വപ്നം യാഥാർഥ്യമാകും മുമ്പ്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അമിതവേഗത്തിൽ വന്ന ഇന്നോവ കാർ തസ്ലിം സഞ്ചരിച്ച സ്കൂട്ടറിന്റെ പിൻവശത്ത് ഇടിച്ചത്. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തസ്ലിമിന്റെ വീട് പണി ഭൂരിഭാഗവും പൂർത്തിയായിരുന്നു. ഉടൻ ഗൃഹപ്രവേശവും തീരുമാനിച്ചിരുന്നു. മകളുടെ ജന്മദിന പരിപാടിക്കായി വാങ്ങിയ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണാന്ത്യം. അപകടം നടന്ന ഉടനെ നാട്ടുകാർ തിരൂർ പൊലീസിന് വിവരം അറിയിച്ചെങ്കിലും ഏതാണ്ട് ഒരുമണിക്കൂറോളം കഴിഞ്ഞശേഷമാണ് സംഭവ സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ചമ്രവട്ടം പാതയിൽ ഇടക്കിടെയുണ്ടാവുന്ന അപകടങ്ങളിൽ രോഷകുലരായ നാട്ടുകാർ തിരൂർ സി.ഐയോട് ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഒരുമാസം മുമ്പാണ് പെരിന്തല്ലൂരിൽ മംഗലാപുരം സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്. ആ സമയത്ത് കടയിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചമ്രവട്ടം പാതയുടെ വീതികുറവും ദീർഘദൂര യാത്രക്കാരുടെ അമിത വേഗതയോടെയുള്ള ഡ്രൈവിങ്ങും വലിയ വാഹനങ്ങളുടെ ആധിക്യവും ആണ് അപകടം തുടർകഥയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.