തിരൂർ നഗരസഭയിൽ തലവേദനയായി വിമതശല്യം
text_fieldsതിരൂർ: നഗരസഭ തെരഞ്ഞെടുപ്പിൽ വിമതഭീഷണിയിൽ യു.ഡി.എഫ്. മുൻ ലീഗ് കൗൺസിലർമാരും ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അടക്കമുള്ളവരുമാണ് യു.ഡി.എഫിനെതിരെ വിമതരായി ഏറ്റുമുട്ടുന്നത്.
രണ്ടിടങ്ങളിൽ എൽ.ഡി.എഫും വിമതഭീഷണി നേരിടുന്നുണ്ട്. നഗരസഭ തെരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് ഇത്രയധികം സീറ്റുകളിലും യു.ഡി.എഫ് വിമതശല്യം നേരിടുന്നത്. ലീഗ് സ്ഥാനാർഥികൾക്കെതിരെ ലീഗ് പ്രവർത്തകരും കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകരുമാണ് ഏറ്റുമുട്ടുന്നത്.
21ാം വാർഡിൽ മുൻ ലീഗ് കൗൺസിലർ ഐ.പി. ഷാജിറയാണ് സ്ഥാനാർഥിയായി പത്രിക നൽകിയ വിമതരിലെ പ്രധാനി. 23ാം വാർഡിൽ സീനിയർ സിറ്റിസണിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് മുൻ ലീഗ് കൗൺസിലറായ പി. മുഹമ്മദ് കുട്ടി എന്ന അബ്ദുവും യൂത്ത് ലീഗ് പ്രവർത്തകൻ സി.എം. ഫൈസലും വിമതവേഷം കെട്ടിയത്.
മുൻ ലീഗ് കൗൺസിലറായിരുന്ന ദലിത് ലീഗ് മണ്ഡലം പ്രസിഡൻറിനെ 14ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനെതിരെ ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.പി. സതീശൻ മത്സരരംഗത്തുണ്ട്.
വാർഡ് 17ൽ മെഹറൂഫ്, 22ൽ അബ്ദുൽ മനാഫ് എന്നിവർ ലീഗിനെതിരെ വിമതരായി നിൽക്കുമ്പോൾ 34ൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മഹിള കോൺഗ്രസ് പ്രവർത്തകയും മത്സരിക്കുന്നു.
അതേസമയം, യു.ഡി.എഫിനെ അപേക്ഷിച്ച് വിമതശല്യം കുറവാണ് എൽ.ഡി.എഫിന്. നിലവിൽ രണ്ടിടത്താണ് എൽ.ഡി.എഫ് വിമതഭീഷണി നേരിടുന്നത്. വാർഡ് ഒന്നിൽ കെ.ജി. സൽമയും ആറിൽ ശശിധരൻ നായത്തുമാണ് എൽ.ഡി.എഫ് വിമതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.