ഷൊർണൂർ ജങ്ഷൻ ഒഴിവാക്കി ശബരി എക്സ്പ്രസ്; മംഗളൂരു -കച്ചേഗുഡ ട്രെയിൻ പ്രതിദിനമാക്കണമെന്നാവശ്യം
text_fieldsതിരൂർ: തിരുവനന്തപുരം - സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി പ്രതിദിന എക്സ്പ്രസ് ജനുവരി ഒന്നുമുതൽ ഷൊർണൂർ ജങ്ഷനിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകാനുള്ള നടപടികളുമായി റെയിൽവേ. ഇതിന്റെ ഭാഗമായാണ് ഷൊർണൂർ ജങ്ഷനിൽനിന്നുള്ള റിസർവേഷനും സ്റ്റോപ്പും ഒഴിവാക്കി പകരം വടക്കഞ്ചേരിയിൽ സ്റ്റോപ് അനുവദിച്ചത്. ഹൈദരാബാദ്, തിരുപ്പതി യാത്രക്കാരുടെ പ്രധാന ആശ്രയ വണ്ടിയായ ശബരി എക്സ്പ്രസിന്റെ ഷൊർണൂർ സ്റ്റോപ് ഒഴിവാക്കുന്നത് മലബാറിലെ യാത്രക്കാരെ കാര്യമായി ബാധിക്കും.
ബദൽ സംവിധാനമെന്ന നിലയിൽ, ആഴ്ചയിൽ രണ്ട് ദിവസമുള്ള മംഗളൂരു - കച്ചേഗുഡ പ്രതിദിന സർവിസാക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറവും, കേരള പാസഞ്ചേഴ്സ് വെൽഫെയർ ഫോറവും ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ ഇടപെടണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടിയും പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഷിജു എം. സാമുവലും ആവശ്യപ്പെട്ടു.
അതേസമയം, വടക്കഞ്ചേരി സ്റ്റോപ് മലബാർ യാത്രക്കാർക്ക് ഗുണകരമാകില്ല. ഷൊർണൂരിന്റെ തൊട്ടടുത്തുള്ള വള്ളത്തോൾ സ്റ്റേഷൻ വിപുലീകരിച്ച് ബൈപാസ് ചെയ്ത് പോകുന്ന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിച്ചാൽ ദീർഘദൂര ട്രെയിനുകൾ കുറവായ മലബാർ മേഖലയിലെ യാത്രക്കാർക്ക് സൗകര്യമാകുമെന്ന് യൂസേഴ്സ് ഫോറവും പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷനും ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സാങ്കേതിക ക്രമീകരണ ഭാഗമായാണ് ശബരി ഷൊർണൂർ ജങ്ഷനിൽ പ്രവേശിക്കാതെ പോകുന്നത്.
ഹൈദരാബാദ്, തിരുപ്പതി എന്നിവക്കു പുറമെ തിരുവനന്തപുരത്തേക്കും തിരിച്ചും മലബാർ യാത്രക്കാരുടെ ഇഷ്ട ട്രെയിനായിരുന്ന ശബരി -കച്ചേഗുഡ ട്രെയിനിൽ നിലവിൽത്തന്നെ റിസർവേഷൻ ലഭിക്കാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.