എസ്.എസ്.എൽ.സി ഫലം; വിജയവീഥിയിൽ തീരദേശ സ്കൂളുകൾ
text_fieldsതാനൂർ/ തിരൂർ: ഈ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം ആവർത്തിച്ച് താനൂരിലെ തീരദേശ സ്കൂളുകൾ. തീരദേശ മേഖലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വിദ്യാലയങ്ങളായ താനൂർ ഗവ.റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളും രായിരിമംഗലം എസ്.എം.എം എച്ച്.എസ് സ്കൂളുമാണ് മികച്ച വിജയത്തോടെ നാടിന്റെ അഭിമാനമുയർത്തിയത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രവേശനം നൽകുന്ന റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനമായ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ തുടർച്ചയായ ഒമ്പതാം തവണയാണ് നൂറു മേനി വിജയം കൈവരിച്ചത്. മന്ത്രി വി. അബ്ദുറഹ്മാൻ എം.എൽ.എ മുൻകൈയെടുത്ത് നടപ്പാക്കിയ വികസന പദ്ധതികൾ സ്കൂളിന്റെ മുഖഛായ തന്നെ മാറ്റി.
അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റത്തിനൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്താനായതിന്റെ തെളിവാണ് വിദ്യാർഥികൾ കൈവരിച്ച മികച്ച വിജയം. പഠനത്തോടൊപ്പം കായിക പരിശീലനത്തിന് കൂടി പ്രാധാന്യം നൽകുന്ന സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിൽ 40 സീറ്റുകൾ മാത്രമുള്ള സ്കൂളിൽ പ്രവേശനത്തിന് ധാരാളം കുട്ടികളെത്തുന്നുണ്ട്. കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാണ് സ്കൂളിലെ അധ്യാപകരുടെയും നാട്ടുകാരുടെയും ആവശ്യം. പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് ഉൾപ്പെടെ എട്ട് അധ്യാപകരാണ് മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർഥികൾക്ക് പിന്തുണയുമായുള്ളത്.
തീരദേശത്തെ മറ്റൊരു പ്രധാന വിദ്യാലയമായ രായിരിമംഗലം എസ്.എം.എം.എച്ച്.എസ് സ്കൂളും തിളക്കമാർന്ന വിജയമാണ് നേടിയത്. ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയതുൾപ്പെടെ പരീക്ഷ എഴുതിയ 607 പേരിൽ 592 കുട്ടികളും ഉപരിപഠനത്തിന് അർഹത നേടിയത് വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തിന് മികച്ച നേട്ടമാണ്. നൂറു ശതമാനവും തീരദേശ മേഖലയിൽ നിന്നുള്ള കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളായ രായിരിമംഗലം എസ്.എം.എം.എച്ച്.എസ് സ്കൂളിൽ പഠനത്തിൽ പിന്നാക്കക്കാർക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ തിരൂരിലെ തീരദേശ പഞ്ചായത്തുകളായ പുറത്തൂർ, വെട്ടം എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളും നൂറ് ശതമാനം നേടി. പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 424 വിദ്യാർഥികളിൽ 54 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. പറവണ്ണ ജി.വി.എച്ച്.എച്ച്.എസിലെ 222 വിദ്യാർഥികളിൽ ഒമ്പത് പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
ദേവധാറിന് 831/832; 81 ഫുൾ എ പ്ലസുമായിചരിത്ര ജയം
- നൂറുശതമാനം നഷ്ടമായത് രോഗം കാരണം വിദ്യാർഥിക്ക് ഒരു പരീക്ഷയെഴുതാനാകാത്തതിനാൽ
താനൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (832) എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ സർക്കാർ വിദ്യാലയമായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ചരിത്ര വിജയം. പരീക്ഷയെഴുതിയ 832 കുട്ടികളിൽ 831 പേരും വിജയിച്ചപ്പോൾ രോഗം കാരണം ഒരു വിദ്യാർഥിക്ക് ഹിന്ദി പരീക്ഷയെഴുതാൻ സാധിക്കാതിരുന്നതിനാൽ മാത്രമാണ് 100 ശതമാനം വിജയം നഷ്ടമായത്.
81 വിദ്യാർഥികളാണ് ദേവധാറിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലടക്കം ബൃഹദ് പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതോടൊപ്പം പ്രധാനാധ്യാപിക പി. ബിന്ദുവിന്റെ നേതൃത്വത്തിൽ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള അധ്യാപകരുടെ പരിശ്രമങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് പി. അജയൻ, എസ്.എം.സി ചെയർമാൻ ടി.പി. റസാഖ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ജനപ്രതിനിധികളുമടക്കമുള്ളവർ നൽകിയ പിന്തുണയാണ് ദേവധാറിനെ ചരിത്ര വിജയത്തിലേക്കെത്തിച്ചത്.
പുതുചരിത്രമെഴുതി തിരൂർ ഗവ. ബോയ്സ് സ്കൂൾ
തിരൂർ: എസ്.എസ്.എൽ.സി വിജയത്തിൽ പുതു ചരിത്രം രചിച്ച് തിരൂർ ഉപജില്ലയിലെ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. ആദ്യമായാണ് സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുന്നത്. പരീക്ഷ എഴുതിയ 677 വിദ്യാർഥികളിൽ 114 പേർ മുഴുവൻ വിഷയത്തിലും 90 പേർ ഒമ്പത് വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയാണ് തിരൂർ ബോയ്സ് സ്കൂളിന്റെ ചരിത്രം തിരുത്തിയത്.
ബി.പി അങ്ങാടി ഗേൾസിന് ആറാം വർഷവും നൂറ് ശതമാനം
തിരൂർ: പെൺകുട്ടികൾ മാത്രം പഠിക്കുന്ന തിരൂരിലെ ഏക പൊതു വിദ്യാലയമായ ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ഈ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. തുടർച്ചയായ ആറാം വർഷമാണ് ഗേൾസ് സ്കൂൾ നൂറ് ശതമാനം തികക്കുന്നത്. ഇത്തവണ പരീക്ഷ എഴുതിയ 152 വിദ്യാർഥിനികളും വിജയിച്ചു. 25 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.