പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തെളിവെടുപ്പ്
text_fieldsതിരൂർ: 11 മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തിരൂർ പൊലീസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തി. തമിഴ്നാട് കടലൂർ വടക്കുമൂളിയൂർ സ്വദേശികളായ മണിപാലൻ-ശ്രീപ്രിയ ദമ്പതികളുടെ മകൻ കളയരസനെ കൊലപ്പെടുത്തിയ കേസിലാണ് റിമാൻഡിലായ തമിഴ്നാട് നെയ് വേലി സ്വദേശികളായ കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (22), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ മാതാപിതാക്കളായ കുമാർ (46), ഉഷ (41) എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ എറ്റുവാങ്ങി തെളിവെടുപ്പ് നടത്തിയത്.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നാലു പ്രതികളെയും തെളിവെടുപ്പിനായി തുവ്വക്കാട് വലിയപറമ്പിലെ മൊല്ലഞ്ചേരി ക്വാർട്ടേഴ്സിലെത്തിച്ചത്. നാലുപേരെയും ഒറ്റയ്ക്കൊറ്റയ്ക്കായി മുറിയിലെത്തിച്ച് ചോദ്യം ചെയ്യുകയും കുഞ്ഞിനെ കൊലപ്പെടുത്തിയ രീതിയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
പ്രതികൾ കത്തിച്ചുനശിപ്പിച്ച ചോര പുരണ്ട തുണികൾ, മറ്റുള്ളവയുടെ അവശിഷ്ടങ്ങളും ചാരങ്ങളും തുവ്വക്കാട് വലിയപറമ്പിലെ ക്വാർട്ടേഴ്സിലെ മുറ്റത്തുനിന്നും കണ്ടെത്തി. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന തെളിവെടുപ്പിന് എസ്.ഐ പ്രദീഷ്, സി.പി.ഒമാരായ അരുൺ, സതീശൻ, പ്രിയങ്ക, പ്രീത, ദിനേശ് എന്നിവർ നേതൃത്വം നൽകി.
മലപ്പുറം ഫിംഗർപ്രിന്റ് യൂനിറ്റിലെ വിരലടയാള വിദഗ്ദരായ എൻ.വി. റുബീന, ഇസ്ഹാഖ് ആലിപ്ര, ഫോട്ടോഗ്രാഫർ ബി.എസ്. അനൂപ് എന്നിവരും ക്വാർട്ടേഴ്സിലെത്തി തെളിവുകൾ ശേഖരിച്ചു. മുറിയിൽ നിന്നും രക്തക്കറയുടെ അംശങ്ങളും ശേഖരിച്ചു. വ്യാഴാഴ്ച ശ്രീപ്രിയയെ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.