തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പ്: പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നെന്ന്
text_fieldsതിരൂർ: തുഞ്ചത്ത് ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് പുതിയ തട്ടിപ്പുമായി രംഗത്തുവന്നിരിക്കുകയാണെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും ആരോപിച്ച് തട്ടിപ്പിനിരയായ ഏജന്റുമാർ രംഗത്ത്. തിരൂർ അക്കംപ്ലീഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ മുതിയേരി ജയചന്ദ്രനും 14 ഡയറക്ടർമാരും ചേർന്ന് അറനൂറോളം ഏജന്റുമാരെ വച്ച് ജനങ്ങളിൽനിന്ന് 100 കോടിയോളം രൂപയും സ്വർണവും പിരിച്ചെടുത്ത് കബളിപ്പിച്ചുവെന്നാണ് കേസ്.
പിരിച്ചെടുത്ത പണമുപയോഗിച്ച് സ്വന്തം പേരിലും ബിനാമി പേരിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഭൂമികൾ വാങ്ങിക്കൂട്ടി. ഏജന്റുമാരെയും നിക്ഷേപകരെയും ആത്മഹത്യയുടെ വക്കിലാക്കി സ്ഥാപനങ്ങൾ അടച്ചുപൂട്ടി 2016ൽ ഉടമ മുതിയേരി ജയചന്ദ്രനും ഡയറക്ടർമാരും ബംഗളൂരുവിലേക്ക് മുങ്ങി. ഇതെതുടർന്ന് ഏജന്റുമാരുടെ പരാതിയിൽ തിരൂർ പൊലീസ് പ്രതി ജയചന്ദ്രനെ അറസ്റ്റ് ചെയ്തു. പിന്നീട് 2018ൽ സ്ഥലങ്ങളും സ്വർണവും വിറ്റ് നിക്ഷേപകർക്കും ഏജന്റുമാർക്കും പണം തിരിച്ചുകൊടുക്കാമെന്ന ജാമ്യവ്യവസ്ഥയിൽ പുറത്തിറങ്ങിയ പ്രതി വീണ്ടും പുതിയ തട്ടിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. ജനങ്ങൾ വീണ്ടും കബളിപ്പിക്കപ്പെടാതിരിക്കാനും ആത്മഹത്യയുടെ വക്കിലായ തുഞ്ചത്തിലെ ഏജന്റുമാരായ തങ്ങൾക്ക് നീതി ലഭിക്കാൻ ശക്തമായ നിയമപോരാട്ടത്തിന് ഇറങ്ങുകയാണെന്നും തട്ടിപ്പിനിരയായ ഒരുകൂട്ടം ഏജന്റുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുബ്രഹ്മണ്യൻ പള്ളിക്കൽ, ദാസൻ പരപ്പനങ്ങാടി, സൽമത്ത് വൈലത്തൂർ, മുംതാസ് തിരൂർ, ഷാജി താനൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.