ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ല ആശുപത്രി
text_fieldsതിരൂർ: കോവിഡ് വ്യാപന സമയത്ത് 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ല ആശുപത്രി. 2523 ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം ഇവിടെ നടത്തിയത്.
ജനറൽ/റീജനൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ 1614 എണ്ണമാണ് നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്. നേരത്തേ കോവിഡ് ബാധിതരുടെ അടക്കം അടിയന്തര പ്രസവ ശസ്ത്രക്രിയകൾ മികച്ച രീതിയിൽ ചെയ്ത് ഗൈനക്കോളജി വിഭാഗം പ്രശംസ പിടിച്ചുപറ്റിയിരുന്നു. സങ്കീർണമായ പ്രസവ ശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയ രോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി, അണ്ഡാശയ രോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്ങിയ ശസ്ത്രക്രിയകളും ഇവിടെ ചെയ്യുന്നുണ്ട്.
ജില്ല ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം 515 ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ ചെയ്തത്. മുതിർന്നവരിലെയും കുട്ടികളിലെയും ഹെർണിയ, തൈറോയ്ഡ് രോഗങ്ങൾ, വരിക്കോസ് വെയ്ൻ, അപ്പെൻഡിസൈറ്റിസ്, വെരിക്കോസീൽ തുടങ്ങിയവക്കുള്ള ശസ്ത്രക്രിയകളാണ് അധികവും ചെയ്തത്. രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ ബാധിതർക്കുള്ള ശസ്ത്രക്രിയകൾ ചെയ്ത സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെതാണ് തിരൂർ ജില്ല ആശുപത്രി.
ജില്ല ആശുപത്രിയിലെ രക്തജന്യരോഗബാധിതർക്കു വേണ്ടിയുള്ള ജില്ലതല ഡേ കെയർ സെൻററുമായി ചേർന്നാണ് ഹീമോഫീലിയ ബാധിതർക്കുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നത്.
469 ശസ്ത്രക്രിയകളാണ് ജില്ല ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഈ കാലയളവിൽ ചെയ്തത്. അമ്പതിലധികം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഇവിടെ ചെയ്തിട്ടുണ്ട്. വിവിധ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയകൾ ചെയ്തുകിട്ടുന്നത് രോഗികൾക്ക് വലിയ ഒരനുഗ്രഹമാണ്.
ഇ.എൻ.ടി വിഭാഗത്തിൽ കോർട്ടിക്കൽ മാസ്റ്റോയ്ഡക്ടമി (ചെവിയിലെ പഴുപ്പിനുള്ള ചികിത്സ), കർണപടത്തിലെ ദ്വാരം അടച്ച് കേൾവി ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, തൊണ്ടയിലെ ടോൺസിലുകളിലെയും അഡ്നോയ്ഡുകളിലെയും പഴുപ്പിനുള്ള ശസ്ത്രക്രിയകൾ, മൂക്ക്പാലത്തിലെ വളവും ദശയും പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, സൈനസുകളിലെ ദശകൾ മാറ്റുന്നതിനുള്ള ശസ്ത്രക്രിയകൾ, സ്വനതന്തുക്കളിലെ മുഴകൾ നീക്കി ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ തുടങ്ങിയവയാണ് ഇ.എൻ.ടി വിഭാഗത്തിലെ പ്രധാന ശസ്ത്രക്രിയകൾ. 122 ശസ്ത്രക്രിയകളാണ് ഈ വിഭാഗത്തിൽ ചെയ്തത്. നേത്ര ശസ്ത്രക്രിയ വിഭാഗത്തിൽ തിമിര ശസ്ത്രക്രിയയാണ് പ്രധാനമായും ചെയ്യുന്നത്. 304 ശസ്ത്രക്രിയകളാണ് കഴിഞ്ഞ വർഷം നടന്നത്.
ജില്ല പഞ്ചായത്ത് അനുവദിച്ച ഫാക്കോമെഷിൻ ലഭിക്കുന്നതോടെ തിമിരശസ്ത്രക്രിയക്കുള്ള അത്യാധുനിക സൗകര്യം നേത്ര രോഗ വിഭാഗത്തിന് ലഭിക്കും. ജില്ല ആശുപത്രി പി.എം.ആർ വിഭാഗത്തിൽ 119 ശസ്ത്രക്രിയകളാണ് കഴിഞ്ഞവർഷം നടന്നത്.
ആശുപത്രിയിൽ സജ്ജമായ അനസ്തേഷ്യ വിഭാഗമാണ് ഈ ശസ്ത്രക്രിയകൾക്ക് ഭൗതികസംവിധാനം ഒരുക്കുന്നത്. ഓപറേഷൻ തിയറ്ററിലെ നഴ്സിങ് ഓഫിസർമാരും അനുബന്ധ പാരാമെഡിക്കൽ വിഭാഗങ്ങളും അഭിനന്ദനീയമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
2020 ജനുവരിയിൽ തിയറ്റർ കെട്ടിടം തീപിടിത്തത്തിൽ നശിച്ചതിനെ തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിലെ ഓപറേഷൻ തിയറ്ററാണ് എല്ലാ ഡിപ്പാർട്ട്മെൻറുകളും ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്നത്. ഈ പരിമിത സൗകര്യത്തിലും ഇത്രയേറെ ശസ്ത്രക്രിയകൾ ചെയ്യാനായത് ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെയും ആശുപത്രി എച്ച്.എം.സിയുടെയും മേലധികാരികളുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.