മന്ത്രിയുടെ ഇടപെടലിൽ തടസ്സം നീങ്ങി; തിരൂർ ജില്ല ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് പ്രവർത്തിക്കാം
text_fieldsതിരൂർ: തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇളവുകൾ നൽകിയതോടെ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഉടൻ പ്രവർത്തന സജ്ജമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ ഓങ്കോളജി ബ്ലോക്കിന് പാർഷ്യൽ ഒക്യുപൻസി നൽകാൻ മന്ത്രി നഗരസഭക്ക് നിർദേശം നൽകി. മലപ്പുറത്ത് നടന്ന ജില്ലതല അദാലത്തിലാണ് തീരുമാനം. നിർമാണം പൂർത്തിയായെങ്കിലും കെട്ടിട നിർമാണ ചട്ടങ്ങളിലുണ്ടായിരുന്ന നൂലാമാലകളിൽ കുടുങ്ങി ഓങ്കോളജി വിഭാഗം പ്രവർത്തന സജ്ജമായിരുന്നില്ല.
ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതായിരുന്നു പ്രധാന തടസ്സം. ഇതിനുപരിഹാരം കാണാനാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ല തദ്ദേശ അദാലത്തിലേക്ക് പരാതി നൽകിയത്.
സർക്കാർ ആശുപത്രിയുടെ കെട്ടിടമാണ് എന്നത് കണക്കിലെടുത്ത് നിർമാണത്തിലെ എട്ട് അപാകതകൾ ഇളവുചെയ്ത് നൽകാൻ മന്ത്രി നിർദേശിച്ചു. ചീഫ് ടൗൺ പ്ലാനർ പരിശോധിച്ച് പുതുക്കിയ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി പരിഹരിക്കാൻ മന്ത്രി ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. പി.സി.ബി, ഫയർ എൻ.ഒ.സികൾ ആശുപത്രി അധികൃതർ സമർപ്പിക്കണം. ഈ നിബന്ധനകളോടെയാണ് പാർഷ്യൽ ഒക്യുപൻസി അനുവദിക്കുക. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ കെട്ടിടം നിർമിക്കുന്നതിന് ചുമതല വഹിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്യാനും മന്ത്രി നിർദേശിച്ചു.
ഒക്യുപൻസി ലഭിക്കുന്നതോടെ ഓങ്കോളജി ബ്ലോക്കിന് തുറന്നു പ്രവർത്തിക്കാനാകും. നിരവധി രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.