തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്
text_fieldsതിരൂർ: പ്രദേശവാസികളുടെ പരാതിയെ തുടർന്ന് തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. നഗരസഭ 14ാം വാർഡിൽ പരന്നേക്കാട് പ്രവർത്തിക്കുന്ന നഗരസഭയുടെ അറവുശാല, പ്രദേശവും കിണറുകളും മലിനമാക്കി കൊണ്ടിരിക്കുകയാണെന്ന് കാണിച്ച് പരിസരവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
എട്ടു വർഷം മുമ്പ് നവീകരണത്തിനായി പ്രധാന ഷെഡ് അടച്ചിട്ടത് മൂലം താൽക്കാലികമായി നിർമിച്ച തുറസ്സായ ഷെഡിലാണ് അറവു നടന്നിരുന്നത്. ഇതിൽനിന്നും വരുന്ന രക്തവും മറ്റു ദ്രവമാലിന്യങ്ങളും തുറസ്സായ സ്ഥലത്ത് വൃത്തിഹീനമായി ഒഴുക്കി കളയുകയും കുഴിച്ചുമൂടുകയും ചെയ്യുന്നത് കാരണം പരിസരത്തെ കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും നശിച്ചുകൊണ്ടിരിക്കുകയും സ്ഥലത്തെ ജീവിതം തന്നെ ദുസ്സഹമായ അവസ്ഥയിലുമായിരുന്നു. ഇതിനെതിരെ നിരവധി തവണ മുനിസിപ്പൽ അധികാരികൾക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
തുടർന്ന് പരിസരവാസികൾ ജില്ല കലക്ടർക്കും സംസ്ഥാന മലിനീകരണ ബോർഡിനും കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അറവുശാലയിലും പരിസരത്തെ കിണറുകളിലും മറ്റും പരിശോധന നടത്തിയിരുന്നു. പരിസരവാസികൾ അറവ് തടയുകയും കോടതി നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനുമുള്ള മുന്നൊരുക്കങ്ങൾക്ക് ഇടയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.