തിരൂർ റെയില്വേ ഓവർ ബ്രിഡ്ജ് തുറന്നില്ല
text_fieldsതിരൂർ: തിരൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കും ഓണത്തോടനുബന്ധിച്ചുള്ള തിരക്കും പരിഗണിച്ച് ഭാഗികമായി പണി പൂർത്തീകരിച്ച പുതിയ റെയിൽവേ ഓവർ ബ്രിഡ്ജ് റോഡ് തുറക്കാനായില്ല. വെള്ളിയാഴ്ച മുതൽ താൽക്കാലികമായി തുറന്നു കൊടുക്കാൻ തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നെങ്കിലും പാലം ബല പരിശോധന ഫലം വന്നതിന് ശേഷം തുറന്നാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുറുക്കോളി മൊയ്തീനെ അറിയിക്കുകയായിരുന്നു. ആർ.ഒ.ബി റോഡിന്റെ പണി പൂർണമായും പൂർത്തീകരിച്ച് എത്രയും വേഗത്തിൽ ഉദ്ഘാടനം നടത്താനായിരുന്നു ഉദ്ദേശമെങ്കിലും ഓണാഘോഷ കാലത്ത് രൂക്ഷമായ ഗതാഗത കുരുക്കിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമേകാനായിരുന്നു ഈ നടപടി. ഓണാഘോഷ തിരക്കുകൾക്കു ശേഷം റോഡ് വീണ്ടും അടച്ചിട്ട് പണി പൂർത്തീകരിച്ച് ഔദ്യോഗികമായി ആർ.ഒ.ബി റോഡിന്റെ ഉദ്ഘാടനം നടത്താനുമായിരുന്നു പദ്ധതി.
സാധാരണ ദിവസങ്ങളിൽ തന്നെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ബസ് സ്റ്റാൻഡിനു മുമ്പിൽ തുടങ്ങുന്ന ഗതാഗത കുരുക്ക് താഴേപ്പാലം വരെയുള്ള ഒന്നര കിലോമീറ്റർ പിന്നിടാൻ ഏറെ സമയം എടുക്കുന്ന സ്ഥിതിയാണ്. ഓണത്തിരക്ക് കൂടിയായതോടെ ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്. ഇതോടെയാണ് സെൻട്രൽ ജങ്ഷനെയും സിറ്റി ജങ്ഷനെയും ബന്ധിപ്പിക്കുന്ന ആർ.ഒ.ബി റോഡ് ഉദ്ഘാടനത്തിനു മുമ്പ് തന്നെ തുറക്കാൻ നടപടി വേണമെന്ന ആവശ്യമുയർന്നത്. പാലം പണി പൂർത്തിയാക്കി നവംബറിൽ തുറക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുള്ളത്. നിലവിൽ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിട്ടില്ല. ടാറിങ് പണി പൂർണമായി നടക്കാനുണ്ട്.
പാലം തുറന്ന് കൊടുക്കാത്തത് ലജ്ജാകരം -നഗരസഭ ചെയർപേഴ്സൻ
തിരൂർ: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന തിരൂർ നഗരത്തിന് ഓണക്കാലത്തെങ്കിലും ആശ്വാസമാകുന്ന സിറ്റി ജങ്ഷനിലെ റെയിൽവേ മേൽപാലം തുറന്ന് കൊടുക്കാൻ അനുമതി നൽകാതിരുന്നത് ലജ്ജാകരമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ പറഞ്ഞു.
തിരൂർ പൊതുമരാമത്ത് റോഡ് ആൻഡ് ബ്രിഡ്ജ് എക്സിക്യൂട്ടീവ് എൻജിനീയർ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം ഉണ്ടെങ്കിൽ പാലം തുറന്ന് കൊടുക്കാനുകുമെന്ന് ചെയർപേഴ്സനെ അറിയിച്ചിരുന്നു. അതുപ്രകാരം തിരൂർ ഡി.വൈ.എസ്.പി, ട്രാഫിക് എസ്.ഐ, പൊതുമരാമത്ത് റോഡ് ആൻഡ് ബ്രിഡ്ജ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പടെയുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നാണ് വെള്ളിയാഴ്ച റെയിൽവേ മേൽപാലം തുറന്ന് കൊടുക്കാനുള്ള തീരുമാനം എടുത്തത്.
എന്നാൽ ബന്ധപ്പെട്ടവരുടെ അനുമതി ലഭിക്കാതെയായതോടെ മേൽപാലം വെള്ളിയാഴ്ച തുറക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം പൊതു ജനങ്ങളോട് കാണിക്കുന്ന അനീതിയാണിതെന്ന് ചെയർപേഴ്സൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.