പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാലക്ക് പൂട്ട് വീണു
text_fieldsതിരൂർ: പ്രതിഷേധത്തിനൊടുവിൽ പരന്നേക്കാടുള്ള തിരൂർ നഗരസഭ അറവുശാല ബുധനാഴ്ച അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം അറവുശാല അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.
പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്.
എന്നാൽ, ബുധനാഴ്ച രാവിലെ അറവുശാല തുറന്നിരുന്നു. ഇതേതുടർന്ന് ജോലിക്കാരെ നാട്ടുകാര്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ തിരൂർ പൊലീസെത്തിയാണ് അറവിനായി എത്തിയവരെ തിരിച്ചയച്ചത്.
തുടര്‍ന്ന് തിരൂർ നഗരസഭ ചെയര്പേഴ്സൻ എ.പി. നസീമയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി ചര്‍ച്ച നടത്തുകയും തുടർന്ന് അറവുശാല അടച്ചു പൂട്ടി സീൽ ചെയ്യുകയുമായിരുന്നു.
അറവുശാല അടച്ചുപൂട്ടുന്നതിനായി കൂടെനിന്ന നാട്ടുകാര്‍ക്കും സഹകരിച്ചവർക്കും സമരസമിതി അംഗങ്ങളായ സി. ജൗഹർ, നൗഷാദ് പരന്നേക്കാട്, വി.പി. ഉനൈസ്, ഹുസൈൻ, മജീദ്, ഫൈസല്‍ അമ്മേങ്ങര എന്നിവർ നന്ദി പറഞ്ഞു.
അതേസമയം, ആധുനിക രീതിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന അറവുശാലയുടെ നിർമാണ പ്രവൃത്തികളാണ് ഇവിടെ നടന്നുവരുന്നതെന്നും 80 ശതമാനം പൂര്‍ത്തിയായെന്നും പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് പുനഃപരിശോധന നടത്തി ഉചിതമായ തീരുമാനം എടുക്കുംവരെ അറവുശാല അടച്ചുപൂട്ടുകയാണന്നും നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.