തൃപ്രങ്ങോട് പഞ്ചായത്ത് ബജറ്റ്; ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര
text_fieldsതിരൂർ: കാർഷിക മേഖലക്കും കുടിവെള്ളത്തിനും കായിക മേഖലക്കും പ്രാധാന്യം നൽകി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര നടപ്പാക്കും. നെൽകൃഷി വികസന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തരിശ് രഹിത തൃപ്രങ്ങോട് എന്ന ലക്ഷ്യം കൈവരിക്കാനും തുക വകയിരുത്തി. നെൽകർഷകർക്ക് വളം - കീടനാശിനി പ്രയോഗത്തിന് ആധുനിക ഡ്രോൺ സംവിധാനം ഏർപ്പെടുത്തും.
കായിക മേഖലക്ക് പ്രോത്സാഹനത്തിനായി സ്പോർട്സ് ഹബ് ആരംഭിക്കും. നീന്തൽ, ഷട്ടിൽ, വോളിബാൾ, ചെസ് തുടങ്ങിയവക്കായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കളപ്പാളക്കുളവും അനുബന്ധ സ്ഥലങ്ങളും ഉപയോഗപ്പെടുത്തും. ഫിസിയോ തെറാപ്പി ആവശ്യമുള്ള കിടപ്പിലായവർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീടുകളിലെത്തി സേവനം നൽകും.
സ്കൂളുകളിൽ പെഡഗോളജി പാർക്ക് സ്ഥാപിക്കും. ഭാരതപ്പുഴയോരത്ത് ചമ്രവട്ടം ക്ഷേത്രം മുതൽ നവാമുകുന്ദ ക്ഷേത്രത്തോടനുബന്ധിപ്പിച്ച് പുഴയോര പാതയും ഔഷധോദ്യാനവും നിർമിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യും. ഹാപ്പിനെസ് പാർക്ക് സ്ഥാപിക്കുന്നതടക്കമുള്ള വിവിധ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.
51.65 കോടി രൂപ വരവും 49.57 കോടി രൂപ ചെലവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എം.പി. ഫുക്കാർ അവതരിപ്പിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി. ശാലിനി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.പി. ഷാജഹാൻ, ടി.വി. ലൈല, എം.പി. റഹീന എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി. അബ്ബാസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.