ആവേശ ലഹരിയിൽ തട്ടകം; വൈരങ്കോട് ഉത്സവം ഇന്ന്
text_fieldsതിരൂർ: വെള്ളിയാഴ്ച നടക്കുന്ന വൈരങ്കോട് വലിയ തിയ്യാട്ട് ഉത്സവത്തോടനുബന്ധിച്ച് പുത്തനത്താണി-തിരുനാവായ റോഡിൽ കുട്ടികളത്താണി മുതൽ തിരുനാവായ വരെയും കോലൂപ്പാലം-വൈരങ്കോട് റോഡിൽ കോലൂപ്പാലത്ത് നിന്നും മുക്കിലപ്പീടിക വരെയും തിരൂർ- വൈരങ്കോട് റോഡിൽ പുല്ലൂർ മുതൽ വൈരങ്കോട് വരെയും വൈരങ്കോട്-വളാഞ്ചേരി റോഡിൽ ആതവനാട് മുതൽ വൈരങ്കോട് വരെയും വാഹന നിയന്ത്രണം ഏർപ്പെടുത്തി.
ഉച്ചക്ക് രണ്ടിനുശേഷം എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തിരൂർ ഡിവൈ.എസ്.പി അറിയിച്ചു. കൂടാതെ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾ പുത്തനത്താണി- വളാഞ്ചേരി- കുറ്റിപ്പുറം- തിരുനാവായ വഴിയോ പുത്തനത്താണി- കൽപകഞ്ചേരി- തിരൂർ- തിരുനാവായ വഴിയോ പോകണം.
പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരൂർ: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ വെള്ളിയാഴ്ച തിരുനാവായ, കൽപകഞ്ചേരി, ആതവനാട്, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും തിരൂർ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുദിവസവും ഈ പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകൾക്ക് ഉച്ചക്ക് ശേഷം അരദിവസവും പ്രാദേശിക അവധി പ്രഖ്യാപിച്ച് കലക്ടർ വി.ആർ. വിനോദ് ഉത്തരവിട്ടു. മുൻ നിശ്ചയപ്രകാരം പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
സബ് കലക്ടർ ക്ഷേത്രം സന്ദർശിച്ചു
തിരൂർ: വൈരങ്കോട് വലിയ തിയ്യാട്ടിനോടനുബന്ധിച്ച് സബ് കലക്ടർ സച്ചിൻകുമാർ യാദവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. വ്യാഴാഴ്ച വൈകീട്ടോടെ ക്ഷേത്രത്തിലെത്തിയ സബ് കലക്ടറെ ക്ഷേത്രം മാനേജർ മുരളി വള്ളത്തോളും സംഘവും സ്വീകരിച്ചു. ദേവസം അസി. കമീഷണർ പി.ടി. വിജയി, എക്സിക്യൂട്ടിവ് ഓഫിസർ അജിൻ ആർ. ചന്ദ്രൻ, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ. രതീഷ്, തിരുനാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, ഉണ്ണി വൈരങ്കോട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.