എന്ന് തുറക്കും വെട്ടത്തെ ഭിന്നശേഷി വിദ്യാലയവും വയോജന കേന്ദ്രവും; പ്രതിഷേധം ശക്തം
text_fieldsതിരൂർ: വെട്ടം പഞ്ചായത്തിലെ ഭിന്നശേഷി സ്കൂളായ പ്രതീക്ഷാലയവും വയോജനങ്ങൾക്കുള്ള അഭയകേന്ദ്രവും പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രതീക്ഷാലയം പറവണ്ണ ഗവ. യു.പി സ്കൂൾ കെട്ടിടത്തിലും വയോജനങ്ങൾക്കുള്ള അഭയകേന്ദ്രം വാക്കാട് സിസ് മന്ദിരത്തിലുമാണ് പ്രവർത്തിച്ചിരുന്നത്. പതിനാറോളം ഭിന്നശേഷി വിദ്യാർഥികൾ പഠിച്ചിരുന്ന പ്രതീക്ഷാലയം കോവിഡ് രൂക്ഷമായ സമയത്താണ് അടച്ചിട്ടത്.
കോവിഡ് ഭീതി കുറഞ്ഞ ശേഷം വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടും പ്രതീക്ഷാലയം തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയാറായിട്ടില്ല. സ്കൂൾ അന്തരീക്ഷം ലഭ്യമാകാത്തതിനാൽ ഭിന്നശേഷി വിദ്യാർഥികൾ മാനസികമായി പ്രയാസത്തിലാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
കരാർ ജീവനക്കാരുടെ കാലാവധി തീർന്നതിനാലാണ് തുറക്കാൻ വൈകുന്നതെന്നാണ് രക്ഷിതാക്കൾക്ക് പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി. 2007-08 സാമ്പത്തിക വർഷത്തിലാണ് അന്നത്തെ യു.ഡി.എഫ് ഭരണസമിതി പഞ്ചായത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രതീക്ഷാലയം സ്ഥാപിച്ചത്.
ഒരു അധ്യാപികയും ആയയും പാചകക്കാരിയും കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവറുമുൾെപ്പടെ നാലുപേരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഇതിൽ അധ്യാപിക ഒഴികെ കരാർ ജീവനക്കാരുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്. വയോജനങ്ങൾക്കുള്ള അഭയകേന്ദ്രം എട്ട് മാസങ്ങൾക്ക് മുമ്പാണ് അടച്ചിട്ടത്.
എൽ.ഡി.എഫ് ഭരണം ഏറ്റെടുത്തതോടെയാണ് ഇവ രണ്ടും അവതാളത്തിലായതെന്നും ജീവനക്കാരെ നിയമിച്ച് അടച്ചിട്ട രണ്ട് സ്ഥാപനങ്ങളും ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും അല്ലാത്തപക്ഷം രക്ഷിതാക്കളെ ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വെട്ടം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ. സൈനുദ്ധീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.