മലപ്പുറം ജില്ലക്ക് കലക്ടറോട് പറയാനുള്ളത്...പുതിയ കലക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു
text_fieldsജില്ലയുടെ അമരക്കാരനായി പുതിയ കലക്ടർ ചുമതലയേറ്റു. ചെറുപ്പക്കാരുടെ പ്രതിനിധി കൂടിയായ കലക്ടർക്ക് പരിഹരിക്കാൻ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഏറെയുണ്ട്. പ്രളയവും കോവിഡ് മഹാമാരിയും തീർത്ത അനിശ്ചിതത്വത്തിൽ ജില്ലയുടെ അടിസ്ഥാന വികസന സ്വപ്നങ്ങളും പ്രളയ പുനരധിവാസവുമൊക്കെ ഇപ്പോഴും പാതി വഴിയിലാണ്. പ്ലസ് വൺ പ്രവേശനവും ബിരുദ പഠനവുമൊക്കെ ജില്ലയിലെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ്. പുതിയ കലക്ടർ ചുമതലയേൽക്കുന്ന ഘട്ടത്തിൽ പ്രത്യേക ഊന്നൽ നൽകേണ്ട പ്രശ്നങ്ങൾ ഇവയൊക്കെയാണ്:
നീണ്ടുപോകുന്ന പ്രളയ പുനരധിവാസം
രണ്ടു പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വ്യാപക നാശമാണ് ജില്ലയിലുണ്ടാക്കിയത്. മതിൽമൂല, ചെട്ടിയംപാറ, ഓടക്കയം, കവളപ്പാറ എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞും മലവെള്ളം കുതിച്ചെത്തിയും നിരവധി വീടുകളാണ് തകർന്നത്. ആദിവാസികളും പട്ടികജാതിക്കാരും സാധാരണക്കാരുമായ നൂറുകണക്കിനാളുകൾക്ക് കിടപ്പാടവും ജീവിത സമ്പാദ്യവും നഷ്ടമായി. മൂന്ന് വർഷങ്ങൾക്കിപ്പുറവും ഇവരിൽ പലരും പുനരധിവസിക്കപ്പെട്ടിട്ടില്ല. പീപ്ൾസ് ഫൗണ്ടേഷൻ, െഫഡറൽ ബാങ്ക്, വിവിധ സംഘടനകൾ, കൂട്ടായ്മകൾ എന്നിവർ നിർമിച്ചു നൽകിയ വീടുകളാണ് നേരിയ ആശ്വാസമായത്. സർക്കാർ പ്രഖ്യാപിച്ച വീടുകളുടെ നിർമാണം പലയിടത്തും ഇപ്പോഴും പൂർത്തിയായിട്ടില്ല. ആദിവാസികൾക്ക് ഭൂമി അനുവദിച്ച സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഇനിയും വീടുകൾ കിട്ടാത്തവരുമുണ്ട്. ദുരന്ത നിവാരണ സമിതി അധ്യക്ഷൻ കൂടിയായ കലക്ടറുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണ് പ്രളയക്കെടുതികൾക്ക് ഇരയായവർ.
കോവിഡ് പ്രതിരോധവും വാക്സിൻ വിതരണവും
കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കേണ്ടതുണ്ട്. ഇതിനായി ജില്ലയിലെ സർക്കാർ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. കൂടാതെ, ഡോക്ടർമാരും നഴ്സും ഉൾപ്പെടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. 45 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ ഇതുവരെ 27.68 ലക്ഷം പേർക്കാണ് വാക്സിൻ നൽകാൻ സാധിച്ചത്. ഇതിൽ 20.8 ലക്ഷം പേർക്ക് ഒന്നാം ഡോസും 6.87 ലക്ഷം പേർക്കാണ് രണ്ട് ഡോസ് വാക്സിൻ ലഭിച്ചത്. ജനസംഖ്യാനുപാതികമായി വാക്സിൻ അനുവദിക്കണമെന്ന ഏറെ നാളത്തെ ആവശ്യങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. എല്ലാവർക്കും വാക്സിൻ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഫയൽ നീക്കം വേഗത്തിലാക്കണം
ജില്ലയിൽ റവന്യൂ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ ഫയലുകൾ കെട്ടിക്കിടക്കുന്നതായി വ്യാപകമായി പരാതികൾ ഉയർന്നിട്ടുണ്ട്. ആഴ്ചകളും മാസങ്ങളും പഴക്കമുള്ള ഫയലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ ചിലതെല്ലാം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് തന്നെ തിരിച്ചയച്ചിട്ടുണ്ട്. ഇത്തരത്തിൽ തിരിച്ചയച്ച ഫയലുകളിലൊന്നും തീർപ്പ് കൽപിച്ചിട്ടില്ല. ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒാഫിസ് പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഫയൽ നീക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തരമായി പരിഹാരം കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള പെരുമാറ്റവും മുൻ കലക്ടറുടെ ഭാഗത്തുനിന്നുണ്ടായിരുന്നതായി പരാതികളുയർന്നിരുന്നു.
ടൂറിസം മേഖലയിൽ
ജില്ലയിൽ അതീവ സാധ്യതയുള്ള ഒന്നാണ് വിനോദസഞ്ചാര മേഖല. കോവിഡിന് മുമ്പും ഇതിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല. കോവിഡ് വന്നതോടെ അതീവ പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നുപോകുന്നത്. ജില്ലയിൽ നിന്നുള്ള കുടുംബങ്ങളാണ് വിനോദ കേന്ദ്രങ്ങളിൽ സന്ദർശകരായി എത്തുന്നവരിൽ കൂടുതൽ. കേരളത്തിന് വെളിയിൽ നിന്നുള്ള സന്ദർശകരെ അടക്കം ആകർഷിക്കാൻ സാധിക്കുന്ന പ്രദേശങ്ങൾ നിരവധിയുണ്ടിവിടെ. ഇതിനായി ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. നിലമ്പൂർ ടൂറിസം ഉൾപ്പെെട സഞ്ചാരികളിലേക്ക് എത്തിക്കാനാകണം. ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജില്ലയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടായിരിക്കെ ടൂറിസത്തിനായി ഇതുവരെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. അതേസമയം, കൊച്ചി വിമാനത്താവളം മുഖേന വിദേശ സഞ്ചാരികൾ ചാർേട്ടഡ് വിമാനത്തിലെത്തുന്നുണ്ട്. സമാനമായ രീതിയിൽ ടൂറിസം വികസനത്തിനായി കരിപ്പൂർ ഉപയോഗപ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
കരിപ്പൂർ വികസനം
പൊതുമേഖലയിലുള്ള പ്രധാനപ്പെട്ട സ്ഥാപനമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. കരിപ്പൂരുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തണം. വിമാന സർവിസുകൾ പൂർവസ്ഥിതിയിലാകുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കേണ്ടതുണ്ട്. മുൻ കലക്ടർ ജാഫർ മലികിെൻറ സമയത്ത് ഇതിനായി നിരന്തരം പരിശ്രമിച്ചിരുന്നു. കോവിഡിന് തൊട്ടുമുമ്പ് കെ.എസ്.ആർ.ടി.സി കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ ഒരു സർവിസ് ആരംഭിച്ചിരുന്നു. ഇത് പിന്നീട് നിർത്തി. ഇൗ സർവിസ് ഉൾപ്പെടെ യാത്രക്കാർക്ക് പ്രയോജനമാകുന്ന രീതിയിൽ കൂടുതൽ സർവിസ് ആരംഭിക്കേണ്ടതുണ്ട്. കൂടാതെ, എയർപോർട്ട് ജങ്ഷൻ സൗന്ദര്യവത്കരണത്തിന് പദ്ധതിയുണ്ടായിരുന്നെങ്കിലും മുന്നോട്ട് പോയില്ല.
പുതിയ കലക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു
മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പ്രേംകുമാർ സ്ഥാനമൊഴിയുന്ന കലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍നിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്കി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജില്ലയെ മികവിലേക്ക് നയിക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനം സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉറപ്പാക്കും. വിവിധ മേഖലകളില്‍ ജില്ലയുടെ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കുക. കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനത്തിന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിപൂര്‍ണ പിന്തുണയും കലക്ടര്‍ അഭ്യര്‍ഥിച്ചു.എംപ്ലോയ്മെൻറ് ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായി സ്ഥലംമാറിപ്പോകുന്ന മുന്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ കലക്ടറെ സ്വീകരിച്ചത്. തുടര്‍ന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആദ്യ കൂടിക്കാഴ്ച നടത്തി. ജില്ല വികസന കമീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, സബ് കലക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസി. കലക്ടര്‍ സഫ്ന നസിറുദ്ദീന്‍, എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി. റജില്‍, കെ. ലത, ജി.എസ്. രോധേഷ്, പി.എന്‍. പുരുഷോത്തമന്, ഡോ. ജെ.ഒ. അരുണ്‍, എസ്. ഹരികുമാര്‍ തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പുതുതായി ചുമതലയേറ്റ വി.ആര്. പ്രേംകുമാര്‍. തൊഴില്‍ നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള വ്യവസായിക പരിശീലന വകുപ്പിെൻറയും എംപ്ലോയ്മെൻറിെൻറയും ഡയറക്ടര്‍, കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലൻറ് മാനേജിങ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍നിന്ന് മാറിയാണ് മലപ്പുറം കലക്ടറായി എത്തിയത്. പത്തനംതിട്ട അസി. കലക്ടറായാണ് സിവില്‍ സര്‍വിസില്‍ പ്രവേശിക്കുന്നത്. ദേവികുളം സബ് കലക്ടര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി സി.ഇ.ഒ, സര്‍വേ ഡയറക്ടര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, ഹൗസിങ് കമീഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.