പാലിയേറ്റിവ് കെയർ ദിനം ഇന്ന്; സാന്ത്വന സ്പർശവുമായി വാഴക്കാട് പാലിയേറ്റിവ് കെയർ
text_fieldsവാഴക്കാട്: രോഗി പരിചരണത്തിന്റെയും പരിശീലനത്തിന്റെയും സാന്ത്വന പരിപാടികളുടെയും അനവധി കഥകൾ പറയാനുണ്ട് വാഴക്കാട് പാലിയേറ്റിവ് കെയറിന്. 2007ൽ വാഴക്കാട് തുടങ്ങിയ സ്ഥാപനം ആരംഭ ഘട്ടത്തിൽ വാഴയൂർ, ചീക്കോട്, വാഴക്കാട് പഞ്ചായത്തുൾപ്പെട്ട മേഖല സെന്ററായിരുന്നു. രോഗീപരിചരണവും മറ്റുപ്രവർത്തനങ്ങളുമായി ഒരു സംഘം ചെറുപ്പക്കാരാണ് ഈ സാന്ത്വന സ്പർശത്തിന് തുടക്കമിട്ടത്.
17 വർഷം പിന്നിട്ടപ്പോഴേക്കും ലക്ഷ്യങ്ങളിലും പ്രവർത്തന രീതിയിലും മാറ്റങ്ങൾ വന്നു. ഒന്നാം ഘട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും ഓരോ സെന്ററുകൾ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. 2015 ഓടെ മൂന്ന് പഞ്ചായത്തുകളിലും സ്വന്തം കെട്ടിടങ്ങളോടെ പ്രവർത്തനം തുടങ്ങി. 2018ൽ വാർഡ് തലങ്ങളിൽ ഓരോ പാലിയേറ്റിവ് കേന്ദ്രങ്ങൾ എന്ന സംവിധാനങ്ങൾക്ക് തുടക്കമിട്ടു. ഇപ്പോൾ എടവണ്ണപ്പാറ, വാഴക്കാട്, ഊർക്കടവ് എന്നീ മേഖലകളിലായി വാഹനമുൾപ്പെടെയുള്ള മൂന്ന് ഹോം കെയർ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. ജനങ്ങളുടെ സാമ്പത്തിക സഹായത്താലാണ് കാരുണ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. 19 വാർഡുകളിലായി 100 ലധികം സന്നദ്ധ സേവകർ, വീട്ടമ്മമാർ, യുവതി-യുവാക്കൾ എന്നിവർ സദാസന്നദ്ധരാണ്. 350 ലധികം രോഗികൾക്ക് ഇപ്പോൾ പരിചരണം നൽകിവരുന്നു.
കിടപ്പിലായ രോഗികളുടെ മാനസികാരോഗ്യം ലക്ഷ്യം വെച്ച് നിരവധി കൂട്ടായ്മകൾ സെന്ററിന് കീഴിൽ നടന്നുവരുന്നു. 15 പാരാ പ്ലീജിയസംഗമങ്ങൾ, ബോധവത്കരണ ക്യാമ്പുകൾ, പാലിയേറ്റിവ് നഴ്സിങ് പരിശീലനം എന്നിവ നൽകിവരുന്നു. രോഗികളുടെ മാനസിക പ്രശ്നങ്ങൾ, തൊഴിൽ, ജീവിത സാഹചര്യം മെച്ചപ്പെടുത്തൽ എന്നിവയും പ്രവർത്തനങ്ങളിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.