ഇന്ന് ലോക യുവജന ദിനം: ഈ യുവത്വം മലപ്പുറം ജില്ലയുടെ സുരക്ഷയാണ്
text_fieldsപരപ്പനങ്ങാടി: പ്രകൃതി ദുരന്തങ്ങളിൽ കാലിടറുന്ന നാടിന് കാവലാളാകാനും റെയിൽ പാളത്തിലും നടുറോഡിലും പിടയുന്ന ജീവനുകൾ വാരിയെടുത്ത് കുതിച്ചോടാനും ഒരു കൂട്ടം യുവാക്കൾ ഇവിടെയുണ്ട്... ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാത്ത ഒരുപറ്റം മനുഷ്യർ. ജില്ലയുടെ പരിച്ഛേദമാണവർ. യുവതികളായ സേവന മാലാഖമാരും ഇന്ന് അവരോടെപ്പമുണ്ട്. കോവിഡ് കാലത്താണ് ഇവരുടെ ത്യാഗം നാട് തൊട്ടറിഞത്. കോവിഡ് കവർന്ന മനുഷ്യരോട് സ്വന്തക്കാരും ബന്ധുക്കളും അകലം പാലിച്ചപ്പോഴും അവരെ ഏറ്റെടുക്കാനും സംസ്കരിക്കാനും ഈ യുവാക്കൾ നടത്തിയ ആർജവത്തിന്റെ തിളക്കമാർന്ന നാമമാണ് ജില്ല ട്രോമാകെയർ സേന. കടലിലും കരയിലും രക്ഷാകരങ്ങളായി ഇവരുണ്ട്. അപകട ദുരന്ത മേഖലകളിൽ പറന്നെത്തുന്ന യുവ മാലഖമാരാണ് ജില്ല ട്രോമാകെയർ വളന്റിയർമാർ.
പ്രതിഫലേച്ചയില്ലാത്ത പ്രത്യേക പരിശീലനം നൽകപ്പെട്ട ഈ വളന്റിയർ സേന 2005ലാണ് ജില്ല കേന്രീകരിച്ച് ട്രോമാകെയർ സേനയുടെ പ്രവർത്തനം തുടങ്ങിയത്. കോഴിക്കോട് ജില്ല ട്രോമാകെയറിന് കീഴിൽ പരിശീലനം ലഭിച്ച പരപ്പനങ്ങാടിക്കാർ നേരത്തേ പരപ്പനങ്ങാടിയിൽ മാതൃക സന്നദ്ധ പ്രവർത്തനത്തിൽ വ്യാപൃതരായിരുന്നു. 2014 സെപ്റ്റംബറിൽ ഫേസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സംഘടന ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ നടത്തിയ ചുവടുവെപ്പുകളുടെ ഭാഗമായി സേവന സന്നദ്ധരായ കൂടുതൽ യുവാക്കളെ കണ്ടെത്തി ട്രോമാകെയർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയും നൂറോളം വളന്റിയർമാരെ വാർത്തെടുക്കുകയും ചെയ്തു. ജില്ലയിലെങ്ങും ട്രോമാ യൂനിറ്റുകൾ പെട്ടെന്ന് സജിവമായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എന്നീ രക്ഷാധികാരികൾക്ക് കീഴിൽ 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് സേവനത്തിന്റെ വഴിയെ തെളിക്കുന്നത്.
ഇന്ന് ജില്ലയിലെ 34 പൊലീസ് സ്റ്റേഷൻ പരിധികളിലായി ആയിരത്തി അഞ്ഞൂറിലധികം യുവാക്കൾ ട്രോമാ സേവന സേനയുടെ ഭാഗമാണ്. 2017 മുതൽ വിമൺസ് ട്രോമാകെയർ നിലവിൽ വന്നതോടെ യുവതികൾ സേവന രംഗത്തേക്ക് കടന്നുവന്നു. 18നും 35നുമിടയിൽ പ്രായമുള്ള ഇന്ത്യയിലെവിടെയും സേവന സന്നദ്ധരായ യുവതയെ മാത്രം അണിനിരത്തിയ പ്രകൃതി ദുരന്ത നിവാരണ വിഭാഗവും ട്രോമാസേനക്കകത്ത് പ്രത്യേകം പ്രവർത്തിക്കുന്നുണ്ട്. എട്ടാം തരം മുതലുള്ള വിദ്യാർഥികളെ സംഘടിപ്പിച്ച് സ്റ്റുഡന്റ്സ് ട്രോമാകെയറും നിലവിലുണ്ട്.
2018 മേയ് മാസത്തിൽ ട്രോമാകെയർ പരിശീലനം ചിട്ടയോടെയും വ്യവസ്ഥാപിതമായും തീരദേശ ഭാഗങ്ങളിൽ നടത്താൻ ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും പി.ഒ. അൻവർ, എ.വി. വിനോദ്, ഫൈസൽ പരിയാപുരം, പി.ഒ. നയീം, മുനീർ സ്റ്റാർ, മുസ്തഫ കിക്കേഴ്സ്, കൊട്ടേക്കാട് ബിജു, പി. അക്ബർ, ഷറഫു ചെട്ടിപ്പടി, അറഫാത്ത്, സക്കീർ കാടേങ്ങൽ, കെ.പി.എ. റഹീം എന്നിവർ ചേർന്ന് പരപ്പനങ്ങാടി മേഖലതല സേവന പ്രവർത്തനങ്ങൾ ജനകീയമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.