കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം: നിരവധി പേർക്ക് രോഗം
text_fieldsപാലപ്പെട്ടി: മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലുള്ള കാപ്പിരിക്കാട്ട് കുടിവെള്ളത്തിൽ ശൗചാലയ മാലിന്യം കലർന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽനിന്നുള്ള മാലിന്യമാണ് വെള്ളത്തിൽ കലരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെള്ളം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരകമായ തോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ്. 100 മില്ലി ലിറ്റർ ജലത്തിൽ 1100 എം.ബി.എൻ എന്ന തോതിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ വിഭാഗം പറയുന്നു.
ദേശീയപാതയോരത്ത് നൂറോളം അന്തർസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ച ക്വാർട്ടേഴ്സിൽനിന്നുള്ള ശൗചാലയ മാലിന്യം പഴയ കിണറിലേക്ക് ഒഴുക്കിവിട്ടതോടെ സമീപത്തെ വീടുകളിലെ പൈപ്പുകളിൽ മാലിന്യം കലരുകയായിരുന്നു. 600 മീറ്റർ ഭാഗത്ത് ഇപ്പോൾ പതയുള്ള വെള്ളമാണ് ലഭിക്കുന്നത്.
രണ്ട് മാസത്തോളമായി വെള്ളത്തിന് രുചിമാറ്റവും നിറവ്യത്യാസവും കണ്ടിരുന്നു. തുടർന്ന് ഈ വെള്ളം ഉപയോഗിക്കുന്ന ചിലർക്ക് ഛർദ്ദിയും ത്വഗ് രോഗങ്ങളും ബാധിച്ചു. ജലജന്യരോഗങ്ങൾ പതിവായതോടെയാണ് സാമ്പിൾ പരിശോധിച്ചത്. വെള്ളത്തിൽ മാലിന്യം സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഉറവിടം കണ്ടെത്തിയത്. വേനലിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകാറുള്ള മേഖലയിലാണ് രോഗം പരത്തുന്ന മലിനജലം ഒഴുകിയെത്തുന്നത്. പ്രദേശവാസികൾ ജില്ല ആരോഗ്യ ഓഫിസർക്കും കലക്ടർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.