ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക്; നാലുമാസത്തിനിടെ സന്ദര്‍ശിച്ചത് ഏഴുലക്ഷം പേര്
text_fieldsമലപ്പുറം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഏഴുലക്ഷം പേരാണ് കഴിഞ്ഞ നാലുമാസത്തിനിടെ സന്ദര്‍ശിച്ചത്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴില്‍ പ്രവേശന നിരക്കുള്ള ടൂറിസം കേന്ദ്രങ്ങളില്‍നിന്നുള്ള കണക്ക് മാത്രമാണിത്. വനംവകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയവരുടെ കണക്കുകൂടി കൂട്ടിയാല്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും വര്‍ധിക്കും.
2021 സെപ്റ്റംബറില്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വീണ്ടും അടച്ചു. നവംബറിലാണ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ മലപ്പുറം കോട്ടക്കുന്നില്‍ മാത്രം 4,11,838 പേരാണ് എത്തിയത്.
പടിഞ്ഞാറേക്കര ബീച്ചില്‍ 62,328 പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാന്‍ 41,625 പേരും എത്തി. 46,516 പേരാണ് കുറ്റിപ്പുറം നിളയോരം പാര്‍ക്ക് സന്ദര്‍ശിച്ചത്. മലപ്പുറം റിവര്‍സൈഡ് പാര്‍ക്കില്‍ 21,088 പേരും കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജില്‍ 29,932 പേരും സന്ദര്‍ശകരായെത്തി. സെപ്റ്റംബറിൽ മാത്രം പ്രവര്‍ത്തിച്ച കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാന്‍ 7686 പേരാണ് എത്തിയത്.
ജില്ലക്ക് പുറത്തുനിന്നുള്ള സഞ്ചാരികളെ കൂടുതലായി എത്തിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി വിപിന്‍ ചന്ദ്ര പറഞ്ഞു. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. സംസ്ഥാന അതിര്‍ത്തിയായ നാടുകാണിയില്‍ ആകര്‍ഷകമായ പ്രവേശന കവാടവും ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും ആരംഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദര്‍ശനം, പരിപാടികള്‍, കോര്‍പറേറ്റ് യോഗങ്ങള്‍ എന്നിവ നടത്താനുള്ള ഹബായി മലപ്പുറത്തെ മാറ്റും. അതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.