ജലസേചന സൗകര്യമില്ല, മുല്ലമാട് കോൾപടവിലെ ഏക്കറുകണക്കിന് കൃഷി നാശത്തിലേക്ക്
text_fieldsമാറഞ്ചേരി: ഗ്രാമപഞ്ചായത്തിന് കീഴിലെ മുല്ലമാട് കോൾപടവിൽ ജലസേചനത്തിന് സൗകര്യമില്ലാതായതോടെ ഏക്കറുകണക്കിന് കൃഷി നാശത്തിലേക്ക് നീങ്ങുന്നു. ആവശ്യത്തിന് വെള്ളമെത്തിക്കാൻ വൈദ്യുതി ലഭിക്കാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഒന്നര പതിറ്റാണ്ട് തരിശിട്ടിരുന്ന മുല്ലമാട് കോൾപടവിൽ രണ്ടുവർഷം മുമ്പാണ് കൃഷിയിറക്കിയത്. നൂറടിത്തോടിൽനിന്ന് ചാൽ നിർമിച്ച് വെള്ളം പമ്പ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ വെള്ളം ലഭിക്കുന്നില്ല.
40 ഏക്കറോളം സ്ഥലത്താണ് നിലവിൽ പുഞ്ചകൃഷി നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സമീപത്തെ വീടുകളിൽനിന്ന് കണക്ഷൻ എടുത്തായിരുന്നു വെള്ളമെത്തിച്ചിരുന്നത്. ത്രീ ഫേസ് കണക്ഷൻ ലഭിച്ചാൽ മാത്രമേ മുഴുവൻ കൃഷി സ്ഥലത്തേക്കും വെള്ളമെത്തിക്കാൻ കഴിയൂ. ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ നെല്ലും പാടശേഖരവും ഉണങ്ങിയ സ്ഥിതിയിലാണ്. താൽക്കാലിക ബണ്ടുകൾ കെട്ടിയായിരുന്നു ഇവിടെ കൃഷി നടത്തിയിരുന്നത്. ഭീമമായ സംഖ്യ ചെലവിട്ട് വർഷവും ബണ്ടുകൾ നിർമിക്കുന്നതിലെ സാമ്പത്തിക പ്രതിസന്ധിയാണ് കൃഷിയിറക്കുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിച്ചത്.
പൊന്നാനി കോൾ വികസന പദ്ധതിയുടെ ഭാഗമായി സ്ഥിരം സംവിധാനമെന്ന നിലയിൽ വി.സി.ബിയുടെ നിർമാണം പൂർത്തിയായതോടെയാണ് ഇടവേളക്കുശേഷം മുല്ലമാട് കോൾപടവിൽ പുഞ്ചകൃഷിയിറക്കുന്നത്. 77 ഹെക്ടർ വരുന്ന മുല്ലമാട് കോൾപടവിലെ താഴെ പാടങ്ങളിൽ മാത്രമാണ് ഇത്തവണയും കൃഷിയിറക്കിയത്.
എന്നാൽ, വൈദ്യുതി ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.