കുന്നുമ്മൽ സർക്കിളിലെ ശുചിമുറി നവീകരിക്കാൻ പദ്ധതി
text_fieldsമലപ്പുറം: നഗര സൗന്ദര്യ വത്കരണ ഭാഗമായി കുന്നുമ്മൽ സർക്കിളിലെ ശുചിമുറി നവീകരിക്കും. 2024-25 വർഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ (നഗര സൗന്ദര്യവത്കരണം) പദ്ധതികളിൽ ഉൾപെടുത്തി ടേക്ക് എ ബ്രേക്ക് മാതൃകയിലാകും ശുചിമുറി നവീകരിക്കുക. ഇതിനുള്ള വിശദ പദ്ധതി രേഖ (ഡി.പി.ആർ) പൊതുമരാമത്ത് റോഡ്സ് വിഭാഗം തയാറാക്കും. ശുചിമുറി കൂടാതെ വിശ്രമമുറിയും മറ്റ് സൗകര്യങ്ങളും പദ്ധതിയിലുണ്ടാകും. മലപ്പുറം നഗരത്തിൽ കലക്ടറുടെ ബംഗ്ലാവ് ജങ്ഷൻ, കുന്നുമ്മൽ ജങ്ഷൻ, കുന്നുമ്മൽ കോരങ്ങോട് റോഡ്, കോട്ടപ്പടി, കിഴക്കേത്തല എന്നിവിടങ്ങളിലാണ് നഗര സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ പ്രധാന റോഡുകളിലും സിവിൽ സ്റ്റേഷൻ പരിസരത്തും നടപ്പാതകൾ നിർമിച്ച് ഇൻറർ ലോക്ക് വിരിക്കൽ, ഡിവൈഡറുകളിൽ പുൽത്തകിടിയും ലൈറ്റുകളും സ്ഥാപിക്കൽ, കൈവരി, പ്ലാന്റേഷൻ, ലാൻഡ് സ്കേപിങ്, ബസ്ബെകൾ, കിഴക്കേത്തല മുതൽ കലക്ടർ ബംഗ്ലാവ് വരെ പ്രധാന ജങ്ഷനുകളിൽ മിനി പാർക്കുകൾ തുടങ്ങിയവയാണ് ഒരുക്കുക. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പി. ഉബൈദുല്ല എം.എൽ.എ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം, കൗൺസിലർമാരായ കെ.പി.എ ഷരീഫ്, സി. സുരേഷ്, മെഹമൂദ് കോതേങ്ങൽ, ദേശീയ പാത, പൊതുമരാമത്ത്, ജല വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ച് വിലയിരുത്തിയിരുന്നു. നേരത്തെ സ്ഥലത്ത് പുതിയ ശുചിമുറി നിർമിക്കാൻ ആലോചിച്ചിരുന്നെങ്കിലും ദേശീയപാതയുടെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) കിട്ടാതെ വന്നതോടെ പ്രയാസം നേരിട്ടു. ഇത്തവണ ബജറ്റ് പദ്ധതി എന്ന തലത്തിൽ ഒന്നിച്ച് അപേക്ഷ സമർപ്പിക്കുമ്പോൾ അനുമതി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ ശുചിമുറിയുടെ അടിസ്ഥാന സൗകര്യക്കുറവും അറ്റകുറ്റ പണികളുടെ അപര്യാപ്തയും നഗരസഭക്ക് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. 30 വർഷത്തിലധികം പഴക്കമുള്ള ശുചിമുറിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് ദീർഘദൂര യാത്രക്കാരെയടക്കം പ്രയാസത്തിലാക്കുന്നുണ്ട്. ദിനംപ്രതി 100 കണക്കിന് ആളുകൾ വന്നെത്തുന്ന ജില്ല ആസ്ഥാനത്തെ ശുചിമുറിയുടെ ദയനീയാവസ്ഥക്ക് പുതിയ പദ്ധതി വരുന്നതോടെ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.