നഗര സൗന്ദര്യവത്കരണ പദ്ധതി; ചട്ടം പിൻവലിക്കുന്നതോടെ സർക്കാർ അനുമതി ലഭിച്ചേക്കും
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ നഗര സൗന്ദര്യവത്കരണം പദ്ധതിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചേക്കും. ഇതോടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എം.എസ്.പി മുതൽ കിഴക്കേത്തല വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കും. പി.ഉബൈദുല്ല എം.എൽ.എയുടെ ഫണ്ടിൽ 98.80 ലക്ഷം രൂപ ചെലവഹിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ (നഗര സൗന്ദര്യവത്കരണം) പദ്ധതിക്ക് പുറമെയാണിത്. 90 തെരുവ് വിളക്കുകളാണ് നഗരത്തിൽ സ്ഥാപിക്കുക.
എം.എസ്.പിക്ക് സമീപത്ത് നിന്ന് തുടങ്ങി കുന്നുമ്മൽ, സിവിൽ സ്റ്റേഷൻ, നഗരസഭ ബസ് സ്റ്റാൻഡ്, കോട്ടപ്പടി, കിഴക്കേത്തല എന്ന റൂട്ടിലാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുക. വീതിയുള്ള സ്ഥലങ്ങളിൽ റോഡിന് മധ്യത്തിലും വീതി കുറഞ്ഞ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിലുമാകും തെരുവ് വിളക്കുകൾ വെക്കുക. പദ്ധതിക്ക് അനുമതി നൽകണമെന്ന് കാണിച്ച് എം.എൽ.എ ആഗസ്റ്റ് 12ന് കലക്ടർ വി.ആർ.വിനോദിന് കത്ത് നൽകിയിട്ടുണ്ട്. കലക്ടറുടെ അനുമതി ലഭിക്കുന്ന മുറക്ക് വിളക്കുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാത്രിക്കാല യാത്രക്കാർക്ക് മലപ്പുറം നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാകും. ബജറ്റിൽ അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ചാൽ പദ്ധതിക്കായി നിയോഗിച്ച സബ് കമ്മിറ്റി യോഗം ചേർന്ന് വിലയിരുത്തി അധികൃതരുടെ അനുമതിക്കായി സമർപ്പിക്കും.
നഗരത്തിൽ കലക്ടറുടെ ബംഗ്ലാവ് ജംഗ്ഷൻ, കുന്നുമ്മൽ ജംഗ്ഷൻ, കുന്നുമ്മൽ കോരങ്ങോട് റോഡ്, കോട്ടപ്പടി, കിഴക്കേത്തല എന്നിവിടങ്ങളിലാണ് ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.