ട്രാഫിക് സിഗ്നലുകളിൽ തടസ്സം കൂടാതെ കടന്നുപോക്ക്; എങ്ങുമെത്താതെ പദ്ധതി
text_fieldsമലപ്പുറം: ജില്ലയിൽ ആംബുലൻസുകൾക്കും അഗ്നിരക്ഷാസേനക്കും ട്രാഫിക് സിഗ്നലുകളിൽ തടസ്സം കൂടാതെ പോകാൻ ലൈറ്റുകളിൽ സമയ ക്രമീകരണമേർപ്പെടുത്താനുള്ള പദ്ധതി എങ്ങുമെത്തിയില്ല.
2024 ലാണ് കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സ്വകാര്യ (അൺ ക്യൂ) ടെക്നോളജീസ് കമ്പനിയുമായി ചേർന്ന് ജില്ലയിൽ പദ്ധതി ആലോചിച്ചിരുന്നത്.
ഇതിനായി സ്വകാര്യ ടെക്നോളജി കമ്പനി ജില്ല ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചെങ്കിലും പാതിവഴിയിൽ നിലക്കുകയായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പോകുന്ന ആംബുലൻസുകൾക്കാണ് പദ്ധതി ഏറെ ഗുണകരമാകുക.
ട്രാഫിക് സിഗ്നൽ ലൈറ്റുകളുള്ള സ്ഥലങ്ങളിൽ ആംബുലൻസുകൾ വരുന്ന ഘട്ടത്തിൽ പദ്ധതി വഴി സമയക്രമം നോക്കാതെ പോകാൻ സംവിധാനമൊരുക്കും. ഇത് രോഗികളുടെ ജീവൻ രക്ഷിക്കാൻ വരെ സഹായകരമാകും. 2017ൽ കൊച്ചിയിൽ പദ്ധതി വിജയകരമായി പരീക്ഷിച്ച് വിജയിച്ചിരുന്നു.
പദ്ധതിക്ക് കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററി (നാറ്റ്പാക്)ന്റെയും അഭിനന്ദനം ലഭിച്ചിരുന്നു.
കൊച്ചി കാക്കനാട് ജങ്ഷനിൽ ഒരു മാസം പരീക്ഷണമായി നടത്തിയ പദ്ധതി വിജയിച്ചതോടെ കൊച്ചിയിലെ മറ്റ് അഞ്ച് ജങ്ഷനുകളിലേക്ക് വ്യാപിപിച്ചു. ആംബുലൻസുകൾക്ക് 38 ശതമാനം വരെ സമയം ലാഭിക്കാൻ കഴിഞ്ഞതായി ഫീൽഡുതല പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതേ പദ്ധതിയാണ് ജില്ലയിലും നടപ്പാക്കാൻ ടെക്നോളജി വിഭാഗം രംഗത്തുവന്നത്.
ട്രാഫിക് സിഗ്നലിന്റെ 300 മീറ്റർ അകലെ എത്തിയാൽ സന്ദേശം ട്രാഫിക് കൺട്രോൾ റൂമിലെത്തും. ഈ സമയം ട്രാഫിക് സിഗ്നലിൽ ഗ്രീൻ സിഗ്നൽ തെളിയും. ഇതോടെ ആംബുലൻസുകൾ തടസ്സങ്ങളിലാതെ പോകാം. പദ്ധതി നടപ്പാക്കാൻ ആരോഗ്യ വകുപ്പ് മുൻകൈയെടുത്താൽ ജില്ലയിൽ ഒരുപാട് രോഗികൾക്കിത് പ്രയോജനപ്പെടും.
കൂടാതെ അഗ്നിരക്ഷാസേനക്കും പദ്ധതി പ്രയോജനപ്പെടുത്താം. അഗ്നിബാധ പോലെയുള്ള അടിയന്തിര ഘട്ടങ്ങളിൽ ട്രാഫിക് സിഗ്നലിലെ ഗതാഗതതടസ്സത്തിൽനിന്ന് മോചനം നേടാനും പദ്ധതി ഗുണകരമാകും. ഈ വിഷയം ചൂണ്ടിക്കാട്ടി ജില്ല ഫയർ ഓഫിസർ ജൂണിൽ ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.