മരം വരമായി; കൊമ്പിൽ പിടിച്ച് സുഹൈൽ ജീവിതത്തിലേക്ക് കയറി
text_fieldsകാടാമ്പുഴ: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുരുത്തിച്ചാലിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട പി.എൻ. സുഹൈലിന് (22) ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴക്ക്. കാടാമ്പുഴ ചിത്രംവള്ളി സ്വദേശികളായ ആറംഗ സംഘത്തിൽ ഉൾപ്പെട്ട സുഹൈൽ അപകടത്തിെൻറ നടുക്കത്തിൽനിന്ന് ഇനിയും മോചിതനായിട്ടില്ല. മാറാക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം പാത്തുമ്മയുടെയും പൊതുപ്രവർത്തകനായ അബൂബക്കർ കാടാമ്പുഴയുടെയും മകനാണ് സുഹൈൽ.
ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സുഹൈൽ ഉൾപ്പെട്ട ആറംഗ സംഘം കാറിൽ കുന്തിപ്പുഴ കുരുത്തിച്ചാലിലേക്ക് തിരിച്ചത്. വൈകീട്ട് 4.45ഓടെ അവിടെയെത്തിയ ഇവർ കുളിക്കാനായി പുഴയിലേക്ക് ഇറങ്ങി. പുഴയിലെ ഒരു പാറയുടെ മുകളിൽ ഇരിക്കുമ്പോഴാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൈൽ, ജാസിം, റിൻഷാദ് എന്നിവർക്ക് കരയിലേക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചെങ്കിലും ഒഴുക്ക് കൂടിയത് കാരണം സുഹൈലും കാണാതായ മുഹമ്മദലി (23), ഇർഫാൻ (20) എന്നിവരും പാറയുടെ മുകളിൽ കുടുങ്ങുകയായിരുന്നു.
വീണ്ടും വെള്ളം ഉയർന്നതോടെ സുഹൈലാണ് ആദ്യം ഒഴുക്കിൽപെട്ടത്. തുടർന്ന് മറ്റ് രണ്ട് പേരും ഒഴുകിപ്പോയി. അരകിലോമീറ്ററോളം ഒഴുകിയ സുഹൈലിന് മരത്തിെൻറ കൊമ്പിൽ പിടിക്കാൻ സാധിച്ചതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒഴുക്കിൽപെട്ട് കാണാതായ കൂട്ടുകാരെ ഒരു കുഴപ്പവും സംഭവിക്കാതെ തിരിച്ചുകിട്ടണമെന്ന പ്രാർഥനയിലാണ് സുഹൈൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.