മൂപ്പന് ചെമ്പന്‍ ചോദിക്കുന്നു... തന്റെ കണ്ണടയും മുമ്പെങ്കിലും റോഡ് തുറന്ന് കിട്ടുമോ?
text_fieldsനിലമ്പൂര്‍: ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം വനമേഖലയിലെ അമ്പുമല ആദിവാസി നഗറുകാർക്ക് വഴി അടഞ്ഞിട്ട് അഞ്ചര പതിറ്റാണ്ടായി. മുമ്പ് ഉപയോഗിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി ചങ്ങലയിട്ട് അടച്ചതോടെയാണ് കുടുംബങ്ങൾ ദുരിതത്തിലായത്. തന്റെ കണ്ണടയും മുമ്പെങ്കിലും കോളനിയിലേക്കുള്ള റോഡ് തുറന്നുതരണമെന്ന അപേക്ഷയാണ് 85 കാരനായ മൂപ്പന് ചെമ്പനുള്ളത്.
രണ്ടുമാസം മുമ്പ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട മുന്‍ കോളനി മൂപ്പന് വലിയ മുണ്ടന്റെ മൃതദേഹം മുളകൊണ്ടുള്ള മഞ്ചലുണ്ടാക്കി അതില്‍ ചുമന്നാണ് നഗറിലെത്തിച്ചത്. നിലമ്പൂര്‍- വാളാംതോട് റോഡില്‍ പത്താം ബ്ലോക്കില്‍നിന്ന് അമ്പുമല നഗറിലേക്ക് 1968 മുതല്‍ എട്ട് മീറ്ററിലേറെ വീതിയില്‍ കൂപ്പ് റോഡുണ്ടായിരുന്നു. ലോറികളടക്കം ഇതിലൂടെ വന്നിരുന്നു. പന്തീരായിരം വനത്തിലെ നഗറിലേക്ക് പോവാന്‍ കുറുവന്പുഴക്ക് കുറുകെ പണിത പാലം വരെ വാഹനത്തില്‍ എത്താമായിരുന്നു. 22 കുടുംബങ്ങളിലായി 82 പേരാണ് ഇവിടെയുള്ളത്. സ്വകാര്യ വ്യക്തി റോഡ് ചങ്ങലയിട്ട് അടച്ചതോടെ നഗറുകാര്‍ക്ക് പുറംലോകത്തെത്താന്‍ ദുരിതയാത്രയാണ്. ചെങ്കുത്തായ കയറ്റിറക്കം താണ്ടി തെന്നിവീഴുന്ന ചവിട്ടടി പാതയിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് വേണം നഗറിലെത്താന്‍. അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതാണ് ഏറെ പ്രയാസകരം. ചെറുപ്പക്കാര്‍ മുളവെട്ടിയുണ്ടാക്കുന്ന മഞ്ചലില്‍ ചുമന്നാണ് കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ താണ്ടി അതിസാഹസികമായി റോഡിലെത്തിച്ച് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. റോഡില്ലാത്തതിനാല്‍ കുട്ടികളുടെ പഠനവും മുടങ്ങുകയാണ്.
അപകടം പതിയിരിക്കുന്ന ചെങ്കുത്തായ കാട്ടുവഴിയിലൂടെ കുട്ടികളെ വിടാന്‍ മടിക്കുകയാണ്. റേഷന്‍ സാധനങ്ങളടക്കം തലച്ചുമടായി എത്തിക്കേണ്ട പ്രയാസത്തിലാണ്. പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.