വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്
text_fieldsവളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവിൽ ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര അഹമ്മദ് നഗർ സ്വദേശി രാജു ദക്കാനെക്കാണ് (36) പരിക്കേറ്റത്. സഹായി മഹാരാഷ്ട്ര സ്വദേശി ഋഷികേശ് സന്തോഷ് ദക്കാനെ (19) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽനിന്ന് വല്ലപ്പുഴയിലേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പ്രധാന വളവിലെ സുരക്ഷഭിത്തിയിലിടിച്ച് റോഡരികിൽ മറിഞ്ഞതിനാൽ ദുരന്തമൊഴിവായി. മറിഞ്ഞ ലോറിയിൽനിന്ന് ഓയിൽ റോഡിൽ പരന്നൊഴുകി.
തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സ് യൂനിറ്റ് വെള്ളം ചീറ്റി റോഡ് കഴുകിയതിന് ശേഷമാണ് ഇതുവഴി ഗതാഗതം പൂർണതോതിലായത്. എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥിതിഗതികൾ നിയന്ത്രിച്ചു. ലോറിയിൽനിന്ന് റോഡരികിൽ വീണ സവാളച്ചാക്കുകൾ ഉടമസ്ഥരെത്തി മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി.
മാർച്ച് 17ന് പുണെയിൽനിന്ന് ആലുവയിലേക്ക് സവാളയുമായി പോവുകയായിരുന്ന ലോറി വട്ടപ്പാറ പ്രധാന വളവിലെ സുരക്ഷഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. താഴ്ചയിൽനിന്ന് െക്രയിൻ ഉപയോഗിച്ച് ഉയർത്തിയ ഈ ലോറി പ്രധാന വളവിൽനിന്ന് മാറ്റാൻ ഒന്നര മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.