ഷെഫീഖ് കമ്മിറ്റി റിപ്പോർട്ടിന് രണ്ടര വയസ്സ്; ശിപാർശകൾ കടലാസിൽ
text_fieldsമലപ്പുറം: സംസ്ഥാനത്ത് ബാലപീഡനങ്ങൾ തടയുന്നത് കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച ഷെഫീഖ് കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിച്ച് രണ്ടര വർഷം പിന്നിട്ടിട്ടും ശിപാർശകൾ കടലാസുകളിൽ തന്നെ. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ 12 ലക്ഷം കുടുംബങ്ങളിലെ കുട്ടികൾ സുരക്ഷിതരെല്ലന്നും വിവിധ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര വനിതശിശു വികസന വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശാരീരിക ദുരുപയോഗം, മനഃശാസ്ത്രപരമായ അവഗണന, മനഃശാസ്ത്രപരമായ ദുരുപയോഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ബാലവേശ്യാവൃത്തി തുടങ്ങിയവ തടയാൻ അധികൃതരും കുട്ടികളും തമ്മിൽ ബന്ധം വേണമെന്ന് കമ്മിറ്റി നിർദേശിച്ചിരുന്നു. അതിനുള്ള പ്രധാന ശിപാർശയായ വൾനറബിൾ മാപ്പിങ് (ദുർബല വിഭാഗത്തിെൻറ രൂപരേഖ) ഇതുവരെ നടത്തിയിട്ടില്ല.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വളർത്തുമാതാപിതാക്കൾ, മനോദൗർബല്യമുള്ളവർ, മദ്യപാനികളായ മാതാപിതാക്കളുള്ളവർ, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രക്ഷിതാക്കളോ സഹോദരങ്ങളോയുള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുബങ്ങൾ എന്നിവരുടെ വിവരങ്ങൾ ഉൾപ്പെടുന്നതാണ് വൾനറബിൾ മാപ്പിങ്. ഇത് രണ്ട് മാസത്തിനകം ജില്ല സാമൂഹികനീതി വകുപ്പ് നടത്തണമെന്ന് ശിപാർശ ചെയ്തിരുന്നു.
ജില്ല സാമൂഹികനീതി വകുപ്പിെൻറ നേതൃത്വത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് വില്ലേജ് തലത്തിൽ കമ്മിറ്റി രൂപവത്കരിക്കണം. ഇതിൽ ഉൾപ്പെടുന്ന അംഗൻവാടി വർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്/ആശ വർക്കർമാർ എന്നിവർ വീടുകൾ സന്ദർശിച്ച് വിവരംശേഖരിക്കണം. അവർ ഈ പട്ടിക ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകൾക്ക് കൈമാറണം. അവർ അത് സ്കൂളുകൾ, ശിശുക്ഷേമ സമിതി, പബ്ലിക് ഹെൽത്ത് നഴ്സ്, ചൈൽഡ്ലൈൻ, സ്പെഷൽ ജുവനൈൽ പൊലീസ് യൂനിറ്റ് എന്നിവർക്ക് കൈമാറാനുമായിരുന്നു നിർദേശം. എന്നാൽ, വാർഡുതലത്തിൽ മിക്ക പഞ്ചായത്തിലും ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകളില്ല. എട്ടുവർഷം മുമ്പ് ഇടുക്കി കുമളിയിൽ പിതാവിെൻറയും വളർത്തമ്മയുടെയും ക്രൂരമർദനത്തിന് 10 വയസ്സുകാരൻ ഷെഫീഖ് ഇരയായതിനെ തുടർന്നാണ് കമ്മിറ്റി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.