ഒഴുക്കിൽപെട്ട കാടാമ്പുഴ സ്വദേശികളെ കണ്ടെത്തിയില്ല
text_fieldsമണ്ണാർക്കാട്: കുന്തിപ്പുഴയിലെ കുരുത്തിച്ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാക്കളെ കണ്ടെത്താനായില്ല. ബുധനാഴ്ച വൈകീട്ടാണ് ശക്തമായ മലവെള്ളപ്പാച്ചിലിൽ കാടാമ്പുഴ കരേക്കാട് ചിത്രംപള്ളി സ്വദേശികളായ വെട്ടിക്കാടൻ വീട്ടിൽ ഗിയാസദ്ദീെൻറ മകൻ ഇർഫാൻ അഹമ്മദ് (20), പുതുവള്ളി കുട്ടി ഹസ്സെൻറ മകൻ മുഹമ്മദലി (23) എന്നിവരെ കാണാതായത്.
മണ്ണാർക്കാട് ഫയർ ഫോഴ്സ് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായ പുഴയുടെ ഇരുകരയിലും വ്യാഴാഴ്ച രാവിലെ മുതൽ വ്യാപക തിരച്ചിൽ നടത്തി. ഒഴുക്കും മേഖലയിൽ തുടരുന്ന ശക്തമായ മഴയും തടസ്സമാകുന്നുണ്ട്.
കുരുത്തിച്ചാൽ മുതൽ പുല്ലൂന്നി എനാനിമംഗലം, പോത്തോഴിക്കാവ് കടവ് വരെ ആറ് കിലോമീറ്ററോളം തിരച്ചിൽ നടത്തി.
അപകടത്തിൽനിന്ന് രക്ഷപ്പെട്ട് ചികിത്സയിലിരുന്നവർ നാട്ടിലേക്ക് മടങ്ങി. രണ്ട് ദിവസമായി മണ്ണാർക്കാട്ട് തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചു. കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കുരുത്തിച്ചാലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അവ പാലിക്കാത്തതാണ് അപകടകാരണം.
കുരുത്തിച്ചാലിലേക്കുള്ള പ്രവേശനം റവന്യൂ-വനം-പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചെക്ക്പോസ്റ്റ് വെച്ച് നിയന്ത്രിക്കുമെന്നും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നിയന്ത്രണം നടപ്പാക്കാൻ വനം-പൊലീസ് വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും സബ് കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.