കരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുവന്ന കള്ളക്കടത്ത് സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (40)ആണ് പിടിയിലായത്. ഇയാളിൽനിന്ന് സ്വർണം സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ബഷീറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജിദ്ദയിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപ വില വരുന്ന 404 ഗ്രാം സ്വർണമാണ് അസീസിൽനിന്ന് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ 9.06ന് ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു അസീസ്. വിമാനത്താവളത്തിലെ പരിശോധനകൾ അതിജീവിച്ച് പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പരിസരത്തുവെച്ച് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
ഇയാളുടെ ബാഗേജ് തുറന്ന് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് വെളിച്ചത്തായത്. ആഭരണങ്ങളാക്കിയ സ്വർണം മൂന്ന് ഈന്തപ്പഴ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. യാത്രക്കാരനെയും സ്വർണം സ്വീകരിക്കാനെത്തിയയാളെയും വിശദമായി ചോദ്യംചെയ്തുവരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസിൽ തുടര്‍നടപടികൾക്കായി വിശദ റിപ്പോർട്ട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.